ധോൽപൂർ : പെണ്‍കുട്ടിയുമൊത്തുള്ള മോര്‍ഫ് ചെയ്‌ത ചിത്രം കാട്ടി നിരന്തരം ഭീഷണിപ്പെടുത്തുന്നതില്‍ മനംനൊന്ത് പത്താം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്‌തു. രാജസ്ഥാനിലെ ധോല്‍പൂരില്‍ വ്യാഴാഴ്‌ച രാത്രിയാണ് സംഭവം.ഒരു പെൺകുട്ടിയോടൊപ്പമുള്ള ഫോട്ടോ എഡിറ്റ് ചെയ്‌ത് ചിലർ 2022 മുതൽ മകനെ ബ്ലാക്ക് മെയിൽ ചെയ്‌തിരുന്നതായി വിദ്യാർത്ഥിയുടെ കുടുംബം പറഞ്ഞു. സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.
ധോല്‍പൂര്‍ സ്റ്റേഷനിലെ തന്നെ പൊലീസ് ഉദ്യോഗസ്ഥനാണ് വിദ്യാര്‍ഥിയുടെ പിതാവ്. പെൺകുട്ടിയോടൊപ്പമുള്ള ഫോട്ടോ എഡിറ്റ് ചെയ്‌ത് ചിലർ മകനെ ബ്ലാക്ക് മെയിൽ ചെയ്‌തിരുന്നതായും മകനിൽ നിന്ന് 70,000 രൂപ കൈപ്പറ്റിയതായും വിദ്യാർത്ഥിയുടെ പിതാവ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോട്വാലി പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.
തുടർന്ന് ബ്ലാക്ക്‌മെയിലർ വീണ്ടും മകനെ പീഡിപ്പിക്കാൻ ആരംഭിച്ചു. മാർച്ച് 13ന് പ്രതി വീട്ടിലെത്തി വിദ്യാര്‍ഥിയെ മാനസികമായി പീഡിപ്പിക്കുകയും വീട്ടിൽ കയറി കവര്‍ച്ച നടത്തുകയും ചെയ്‌തു. കുട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്‌ത് പ്രതി അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്ന ആഭരണങ്ങളും 37,000 രൂപയും അപഹരിച്ചു. കുട്ടിയുടെ മാതാപിതാക്കൾ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണം നടത്തിയ വിവരം മകൻ അറിയിച്ചത്. തുടര്‍ന്ന് വീണ്ടും കോട്വാലി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ മനംനൊന്താണ് രാത്രി 1.30ന് മകന്‍ ആത്മഹത്യ ചെയ്‌തതെന്ന് പിതാവ് പറഞ്ഞു. മകന്‍റെ പത്താം ക്ലാസ് പരീക്ഷ നടക്കാനിരിക്കെയാണ് കടുംകൈ ചെയ്‌തതെന്നും പിതാവ് പറഞ്ഞു.
Also Read : യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ
ബ്ലാക്ക്‌മെയിലിംഗിനെ തുടർന്നാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്ന് വിദ്യാർത്ഥി ആത്മഹത്യാകുറിപ്പില്‍ എഴുതിയിട്ടുണ്ട്. മൃതദേഹം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി. പിതാവിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മകനെ ബ്ലാക്ക്‌മെയിൽ ചെയ്‌തത് പരാതിപ്പെട്ടപ്പോള്‍ പൊലീസ് പ്രതിയെ പിടികൂടിയിരുന്നെങ്കിൽ മകന്‍റെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് പിതാവ് ആരോപിച്ചു. പരാതിയില്‍ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയോ വിഷയത്തിൽ കൃത്യമായ നടപടികളെടുക്കുകയോ ചെയ്‌തില്ലെന്നും അതാണ് പ്രതികള്‍ക്ക് ധൈര്യമായതെന്നും പിതാവ് പറഞ്ഞു. കേസില്‍ അന്വേഷണം നടത്തി പ്രതികളെ പിടികൂടുമെന്നാണ് പൊലീസ് അറിയിച്ചത്.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായത്തിനായി ബന്ധപ്പെടുക, അതിജീവിക്കുക. വിളിക്കാം: 9152987821