ബെംഗളൂരു : ഏഴാം ക്ലാസുകാരി 29ാം നിലയില്‍ നിന്ന് വീണ് മരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തെക്ക് കിഴക്കന്‍ ബെംഗളൂരുവിലെ ഹുളിമാവു മേഖലയിലെ ബെംഗളൂരു-കൊപ്പം പ്രധാന റോഡിലെ ബഹുനിലക്കെട്ടിടത്തിലാണ് സംഭവം (Girl dies after falling from 29th floor).
തമിഴ്‌നാട്ടുകാരായ ദമ്പതികളുടെ ഏകമകളാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. ശബ്‌ദം കേട്ടെത്തിയ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരനാണ് കുട്ടിയെ താഴെ വീണ നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ പിതാവ് സോഫ്‌റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഈ ജോലി ഉപേക്ഷിച്ച് ഇയാള്‍ ഓഹരി വിപണിയിലേക്ക് തിരിഞ്ഞിരുന്നു.
കെട്ടിടത്തിലെ 29ാം നിലയില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു ഈ കുടുംബം. ബന്നാര്‍ഘട്ട റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. പെണ്‍കുട്ടി പുലര്‍ച്ചെ നാലരയോടെ ഉണര്‍ന്നിരുന്നു. എന്തിനാണ് ഇത്ര നേരത്തെ ഉണര്‍ന്നതെന്ന് അമ്മ ചോദിച്ചപ്പോള്‍ വീണ്ടും കിടക്കാന്‍ പോവുകയാണെന്നായിരുന്നു മറുപടി. പിന്നീടാണ് സുരക്ഷാ ജീവനക്കാരന്‍ പെണ്‍കുട്ടിയെ താഴെ വീണ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍ തന്നെ കെട്ടിടത്തിലെ റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്‍റിനെ വിവരമറിയിച്ചു. താഴത്തെ നിലയിലുള്ളവര്‍ അപ്പോഴേക്കും ഓടിയെത്തി പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയും അവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. അന്വേഷണം തുടങ്ങിയിട്ടുണ്ട്. വീട്ടില്‍ പരിശോധന നടത്തിയെങ്കിലും ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായിട്ടില്ല. ആത്മഹത്യയിലേക്ക് നയിക്കുന്ന മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ശ്രദ്ധിക്കുക : ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056
കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥിനിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ടയം മണിമല സ്വദേശി ജിന്‍റോ ടോമി ജോസഫിന്‍റെ മകള്‍ ജിയന്ന ആന്‍ജിയോയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. ചെല്ലക്കരയില്‍ സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീഴുകയായിരുന്നു.
Also Read: പതിനൊന്നു വയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ സ്‌കൂള്‍ അധികൃതരുടെ അലംഭാവം ആരോപിച്ച് രക്ഷിതാക്കള്‍ രംഗത്ത് എത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.