തെലങ്കാന: ആശ്രമത്തിലെ പ്രകൃതി ചികിത്സയെ തുടർന്ന് മൂന്നര വർഷം മുമ്പ് മരിച്ച കുട്ടിയുടെ മൃതദേഹാവശിഷ്‌ടങ്ങൾ കണ്ടെത്തി. മരണത്തിന് പിന്നാലെ ആശ്രമം അധികൃതരും കുട്ടിയുടെ പിതാവും ചേർന്ന് രഹസ്യമായി മറവുചെയ്‌ത മൃതദേഹമാണ് കണ്ടെടുത്തത്. സംഭവത്തിൽ ആശ്രമം മഠാതിപത് ഭീംറാവു, കുട്ടിയുടെ പിതാവ് ശ്രീനിവാസ് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനിടെയാണ് മരണവിവരം പുറത്തറിഞ്ഞത്. റെബ്ബെന, നമ്പാല ഗ്രാമത്തിലെ സുൽവ ശ്രീനിവാസ്, മല്ലീശ്വരി ദമ്പതികളുടെ രണ്ടു ആൺകുട്ടികളിൽ മൂത്ത മകനായ ഋഷി (11) യുടെ മൃതദേഹാവശിഷ്‌ടമാണ് കണ്ടെടുത്തത്.
മൂന്നര വർഷം മുമ്പ് കുട്ടിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതിനെത്തുടർന്ന് പ്രദേശത്ത് ആശ്രമം നടത്തുന്ന ഭീംറാവുവിനെ സമീപിക്കുകയായിരുന്നു. എണ്ണ പുരട്ടിയാൽ രോഗം മാറുമെന്ന് പിതാവിനെ പറഞ്ഞ് വിശ്വസിപ്പിച്ച ഭീംറാവു കുട്ടിയെ നാട്ടു ചികിത്സയ്ക്ക് വിധേയമാക്കുകയായായിരുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം കുട്ടിയുടെ ആരോഗ്യ നില വഷളാവുകയും കുട്ടി മരിക്കുകയുമായിരുന്നു.
എന്നാൽ കുട്ടിയുടെ മരണത്തിൽ പ്രശ്‌നമുണ്ടാക്കുന്നതിനു പകരം ഭീംറാവുവിനോടൊപ്പം മൃതദേഹം സംസ്‌കരിക്കാൻ കൂട്ട് നിൽക്കുകയായിരുന്നു ശ്രീനിവാസ്. കുട്ടിയുടെ ആരോഗ്യ നിലയെ കുറിച്ച് അന്വേഷിച്ച മാതാവിനോട് കുട്ടി ആശ്രമത്തിലുണ്ടെന്നും ആരോഗ്യം മെച്ചപ്പെട്ടുവരുന്നുവെന്നതായും ശ്രീനിവാസ് പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. കുട്ടിയെ കാണാൻ ആശ്രമത്തിലെത്തിയാലും മല്ലീശ്വരിയെ അകത്തേക്ക് പ്രവേശിക്കാൻ ഭീംറാവുവും ശ്രീനിവാസും സമ്മതിച്ചിരുന്നില്ല. തുടർന്ന് 11 മാസമായി ഭർത്താവുമായി പിണങ്ങി കഴിയുകയായിരുന്നു മല്ലീശ്വരി.
മകനെ കാണാൻ സാധിക്കാത്തതിൽ സംശയം തോന്നിയതിനെ തുടർന്ന് ഈ മാസം 16ന് മല്ലീശ്വരി പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസിൻ്റെ അന്വേഷണത്തിൽ പ്രതികൾ സത്യം വെളിപ്പെടുത്തുകയും കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ച സ്ഥലം കാണിച്ചുകൊടുകയും ചെയ്‌തു. തുടർന്ന് സിഐ ചിട്ടിബാബുവിന്‍റെ മേൽനോട്ടത്തിൽ തഹസിൽദാർ ജ്യോത്‌സ്‌ന, ഫോറൻസിക് വിദഗ്‌ധൻ സുരേന്ദർ റെഡ്ഡി എന്നിവരുടെ സാന്നിധ്യത്തിൽ കുട്ടിയുടെ മൃതദേഹത്തിൻ്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. മൃതദേഹം ഋഷിയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കാന്‍ ഡിഎൻഎ പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്.