തേജ്‌പൂര്‍: അരുണാചല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പേമ ഖണ്ഡുവും ഉപമുഖ്യമന്ത്രി ചൊവ്‌ന മെയ്‌നും ഉള്‍പ്പെടെ പത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാനത്തെ പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പുകളുടെ ചുമതലയുള്ള അസം മന്ത്രി അശോക് സിംഗാള്‍ മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും അഭിനന്ദിച്ചു.
സംസ്ഥാനത്തെ അറുപത് നിയമസഭാ സീറ്റുകളില്‍ ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പത്ത് സീറ്റുകളില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന നിമിഷം വരെ ഇവര്‍ക്കെതിരെ ഒരൊറ്റ നാമനിര്‍ദ്ദേശ പത്രിക പോലും സമര്‍പ്പിക്കപ്പെട്ടില്ല. അതായത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ തന്നെ പത്ത് പേര്‍ വിജയിച്ചിരിക്കുന്നു.
തവാങ് ജില്ലയിലെ നമ്പര്‍ 3 മുക്തോ നിയമസഭ മണ്ഡലത്തില്‍ നിന്നാണ് മുഖ്യമന്ത്രി പേമ ഖണ്ഡു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഉപമുഖ്യമന്ത്രി ചൊവ്‌ന മെയ്ന്‍ 46 ചൗഖം നിയമസഭാ മണ്ഡലത്തില്‍ നിന്നാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഹയുലിയാങ് മണ്ഡലത്തില്‍ നിന്ന് ദസ്‌ലങ്‌ലുപുല്‍ ആണ് തെരഞ്ഞെടുക്കപ്പെട്ടത്.
താലി മണ്ഡലത്തില്‍ നിന്ന് ജിക്കെ ടാക്കോ തെരഞ്ഞെടുക്കപ്പെട്ടു. താലിഹ നിയമസഭാ മണ്ഡലത്തില്‍ നിന്ന് ന്യാട്ടോ ദുകമാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സഗാലി നിയമസഭാ മണ്ഡലത്തില്‍ നിന്ന് രാതു തേച്ചി തെരഞ്ഞെടുക്കപ്പെട്ടു. റോയിങ്ങ് നിയമസഭാ മണ്ഡലത്തില്‍ നിന്ന് മുത്‌ചു മിതി ആണ് എതിരില്ലാതെ വിജയിച്ചത്. സിറോ-ഹപ്പോളിയില്‍ നിന്ന് ഹാഗെ അപ്പെയും വിജയിച്ചു. ഇറ്റാനഗറില്‍ നിന്ന് തെചി കാസയും ബോംദിലാ മണ്ഡലത്തില്‍ നിന്ന് ഡൊന്‍ഗ്രു സയണ്‍ഗ്‌ചുവും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.