ഹൈദരാബാദ്: റിയൽമിയുടെ ഏറ്റവും പുതിയ 5ജി സ്‌മാർട്ട്‌ഫോണായ റിയൽമി 14x ഇന്ത്യയിൽ അവതരിപ്പിക്കാനൊരുങ്ങുന്നു. കമ്പനിയുടെ 13 സീരീസ് ഫോണുകളൊന്നും ഇതുവരെ വിപണിയിൽ എത്തിയിട്ടില്ലെങ്കിലും 14x ഡിസംബർ 18ന് അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. റിയൽമിയുടെ തന്നെ 12X മോഡലിന്‍റെ പിൻഗാമിയായാണ് 14x വരുന്നത്. ലോഞ്ചിന് മുൻപ് തന്നെ ഫോണിന്‍റെ ചില ഫോട്ടോകൾ ചോർന്നിട്ടുണ്ട്. ഫോണിന്‍റെ ഡിസൈനും സ്‌പെസിഫിക്കേഷനുകളും കളർ ഓപ്‌ഷനുകളും കമ്പനി നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്.
ചോർന്ന വിവരങ്ങളനുസരിച്ച് പുതിയ ഫോൺ 6.67 ഇഞ്ച് എച്ച്‌ഡി പ്ലസ് ഡിസ്പ്ലേയിലാണ് വരുന്നത്. 6,000mAh ബാറ്ററി കപ്പാസിറ്റിയോടെ വരുന്ന ഫോൺ മൂന്ന് സ്റ്റോറേജ് വേരിയന്‍റുകളിൽ ലഭ്യമാകും. 6 ജിബി മുതൽ 8 ജിബി വരെ റാമും 128ജിബി മുതൽ 256 ജിബി വരെ ഇന്‍റേണൽ സ്റ്റോറേജുമാണ് ഫോൺ വാഗ്‌ദാനം ചെയ്യുന്നത്. വെള്ളത്തിൻ്റെയും പൊടിയുടെയും പ്രതിരോധിക്കുന്നതിനായി IP69 റേറ്റിങ് ആണ് റിയൽമി 14x മോഡലിന് ഉള്ളത്. അതേസമയം മുൻഗാമിയായിരുന്ന റിയൽമി 12x ന് IP54 റേറ്റിങ് മാത്രമാണ്.
ക്യാമറ ഫീച്ചർ പരിശോധിക്കുമ്പോൾ, ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തോടെയാണ് റിയൽമി 14x വരുന്നത്. 12Xന് വൃത്താകൃതിയിലുള്ള ക്യാമറ സജ്ജീകരണമായിരുന്നു നൽകിയത്. എന്നാൽ വരാനിരിക്കുന്ന 14x മോഡലിൽ ലംബമായോ താഴേക്കോ ആയിരിക്കും ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. വോളിയം ബട്ടണും പവർ ബട്ടണും ഫോണിൻ്റെ വലതുവശത്തായിരിക്കും നൽകുക. യുഎസ്ബി ടൈപ്പ്-സി പോർട്ട് കണക്‌റ്റിവിറ്റിയാണ് ഫോണിന് നൽകിയിരിക്കുന്നത്. ക്രിസ്റ്റൽ ബ്ലാക്ക്, ഗോൾഡൻ ഗ്ലോ, ജൂവൽ റെഡ് എന്നിങ്ങനെ മൂന്ന് കളർ ഓപ്‌ഷനുകളിലായിരിക്കും റിയൽമി 14x ഇന്ത്യൻ വിപണികളിൽ ലഭ്യമാവുക.
റിയൽമി 12x മോഡലിന്‍റെ 4 ജിബി റാമും 128 ജിബി ഇന്‍റേണൽ സ്റ്റോറേജുമുള്ള വേരിയന്‍റിന്‍റെ വില 11,999 രൂപയാണ്. 2024 ഏപ്രിലിലായിരുന്നു ഈ മോഡൽ ലോഞ്ച് ചെയ്‌തത്. റിയൽമി 12x ന്‍റെ നവീകരിച്ച പതിപ്പായതിനാൽ തന്നെ 14x ന് മുൻമോഡലിനേക്കാൾ വില കൂടുതലായിരിക്കാനാണ് സാധ്യത. റിയൽമി 14x ന്‍റെ കൂടുതൽ വിവരങ്ങൾ കമ്പനി പിന്നീട് വെളിപ്പെടുത്തും.