ഹൈദരാബാദ്: ഇന്ത്യയിൽ സാധാരണക്കാരനെ കാർ എന്ന സ്വപ്‌നം കാണാൻ പ്രേരിപ്പിച്ചത് രത്തൻ ടാറ്റ ആയിരുന്നു. ഇടത്തരം കുടുംബങ്ങൾക്ക് വാങ്ങാൻ സാധിക്കുന്ന വില കുറഞ്ഞ കാറുകൾ വിപണിയിലെത്തണമെന്ന അദ്ദേഹത്തിന്‍റെ ചിന്തയിൽ നിന്നാണ് ടാറ്റ മോട്ടോഴ്‌സിന്‍റെ നാനോ കാർ പിറവി കൊള്ളുന്നത്. രാജ്യത്തെ ഇടത്തരം കുടുംബങ്ങൾക്കായി തയ്യാറാക്കിയ ഈ കാർ ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാർ കൂടെയാണ്.
നാനോ കാറിന് പിന്നിലെ കഥ:
നാനോ കാർ അവതരിപ്പിച്ചതിന് ശേഷം സാധാരണക്കാർക്ക് ഒരു കാറെന്ന ചിന്തയിലേക്ക് തന്നെ നയിച്ചത് മുംബൈയുടെ തിരക്കേറിയ റോഡിലൂടെ കാറിൽ സഞ്ചരിക്കുമ്പോൾ കണ്ട കാഴ്‌ചയാണെന്ന് രത്തൻ ടാറ്റ പങ്കുവച്ചിരുന്നു. കനത്ത മഴയുള്ള സമയത്ത് ഒരു സ്‌കൂട്ടറിൽ കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ നാല് പേർ യാത്ര ചെയ്യുന്നതാണ് അദ്ദേഹം കണ്ടത്. മഴയിൽ നനഞ്ഞു കുളിച്ച് അപകടകരമായ രീതിയിലായിരുന്നു യാത്ര. ഈ കാഴ്‌ചയാണ് സാധാരണക്കാർക്ക് വാങ്ങാൻ സാധിക്കുന്ന ഒരു കാർ എന്ന ചിന്തയിലേക്ക് എത്തിച്ചത്.
2008 ലാണ് ന്യൂഡൽഹിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിൽ ടാറ്റ നാനോ ആദ്യമായി അവതരിപ്പിച്ചത്. പിന്നീട് 2009 മാർച്ചിലാണ് നാനോ പുറത്തിറക്കിയത്. ഒരു ലക്ഷം രൂപയ്‌ക്കാണ് വാഹനം ലഭ്യമായത്. താങ്ങാവുന്ന വില ആയതിനാൽ തന്നെ നാനോ കാറിന്‍റെ വരവ് സാധാരണക്കാർക്കിടയിൽ വലിയ ചലനം സൃഷ്‌ടിച്ചു. കാറിൻ്റെ പ്രാരംഭ ബുക്കിങിൽ തന്നെ ലഭിച്ചത് 2 ലക്ഷം ബുക്കിങുകളായിരുന്നു. ഇതുവഴി 2,500 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്.
തുടക്കത്തിൽ വലിയ ചലനങ്ങൾ സൃഷ്‌ടിച്ചെങ്കിലും പിന്നീട് ടാറ്റ നാനോയുടെ വിൽപ്പന കുത്തനെയിടിയുകയായിരുന്നു. തുടർന്ന് 2020ൽ കമ്പനി ടാറ്റ നാനോയുടെ ഉത്‌പാദനം പൂർണമായും നിർത്തി.
ടാറ്റ നാനോയുടെ നാൾവഴികൾ:
2007: ജനുവരിയിൽ പശ്ചിമ ബംഗാളിലെ സിംഗൂരിൽ ടാറ്റ മോട്ടോഴ്‌സ് ഫാക്‌ടറിയുടെ നിർമ്മാണം ആരംഭിച്ചു. കർഷകരിൽ നിന്ന് ഭൂമി പിടിച്ചെടുത്ത് ഫാക്‌ടറി നിർമിക്കുന്നത് വിവാദങ്ങൾക്കിടയാക്കി.
2008: ആദ്യത്തെ ടാറ്റ നാനോ അവതരിപ്പിച്ചു.
2009: ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ ഏറ്റവും ചെറിയ കാറായി നാനോ പുറത്തിറക്കി.
2010: കമ്പനി കർഷകരിൽ നിന്ന് ഭൂമി പിടിച്ചെടുത്തതിനെതിരെ മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും രൂക്ഷമായി. ഇതോടെ സിംഗൂരിലെ ടാറ്റ മോട്ടോഴ്‌സ് ഫാക്‌ടറിയുടെ നിർമ്മാണം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ഗുജറാത്തിലെ സാനന്ദിൽ ടാറ്റ മോട്ടോഴ്‌സിൻ്റെ പ്ലാൻ്റ് ആരംഭിച്ചു. അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്ര മോദി പദ്ധതിയെ ഇരുകൈകളും നീട്ടി സ്വീകരിച്ചു. ഇരുചക്രവാഹനത്തിന് പകരമായി ടാറ്റ നാനോ വാങ്ങാവുന്ന എക്സ്ചേഞ്ച് ഓഫർ കമ്പനി പ്രഖ്യാപിച്ചു.
2011: വിദേശ വിപണികളിലേക്ക് ടാറ്റ നാനോയുടെ കയറ്റുമതി ആരംഭിച്ചു. ശ്രീലങ്കയിലേക്കും നേപ്പാളിലേക്കും കയറ്റുമതി ചെയ്യാൻ തുടങ്ങി.
2013: 2.45 ലക്ഷം രൂപ വിലയുള്ള ടാറ്റ നാനോ സിഎൻജി ഇമാക്‌സ് വേരിയൻ്റ് പുറത്തിറക്കി.
2014: ടാറ്റ നാനോപവർ സ്റ്റിയറിങ് വേരിയൻ്റ് പുറത്തിറക്കി. നിലവിലുള്ള ടോപ്പ് എൻഡ് മോഡലിനേക്കാൾ 14,000 രൂപ അധികം വിലയിൽ ഇലക്ട്രിക് പവർ സ്റ്റിയറിങോട് കൂടിയ നാനോ ട്വിസ്റ്റ് പുറത്തിറക്കി.
2015: 1.99 ലക്ഷം മുതൽ 2.89 ലക്ഷം രൂപ വരെ വിലയുള്ള ണ്ടാം തലമുറ ടാറ്റ നാനോ ജെൻഎക്‌സ് പുറത്തിറക്കി
2017: ടാറ്റ നാനോയുടെ വിൽപ്പന കുറയാൻ തുടങ്ങി. മാർച്ചിൽ 174 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്. 2016 ഏപ്രിലിനും 2017 മാർച്ചിനുമിടയിൽ കമ്പനി വിറ്റത് 7,591 നാനോകൾ മാത്രമാണ്. ഇത് മൊത്തം വിൽപനയുടെ 63 ശതമാനം കുറവാണ്.
2018: ടാറ്റ നാനോയുടെ നിർമാണം അവസാനിപ്പിച്ചതായി ടാറ്റയുടെ മുൻ ചെയർമാൻ സൈറസ് മിസ്ത്രി പറഞ്ഞു. നാനോയ്ക്ക് തുടർച്ചയായി 1000 കോടി രൂപയുടെ മൂല്യം നഷ്‌ടപ്പെട്ടതായാണ് അദ്ദേഹം പറഞ്ഞത്.
ടാറ്റ നാനോയുടെ എഞ്ചിൻ:
33 ബിഎച്ച്പി പവറോട് കൂടിയ 624 സിസി പെട്രോൾ എഞ്ചിനാണ് ടാറ്റ നാനോയ്‌ക്ക് നൽകിയിരുന്നത്. ഒരു ലിറ്റർ പെട്രോളിൽ 23.1 കിലോമീറ്റർ വരെ മൈലേജുള്ള, അക്കാലത്ത് രാജ്യത്തെ ഏറ്റവും ഇന്ധനക്ഷമതയുള്ള കാറായിരുന്നു ടാറ്റ നാനോ. ഏറ്റവും ദൈർഘ്യമേറിയ യാത്ര നടത്തിയതിന് ഗിന്നസ് വേൾഡ് റെക്കോർഡും ലഭിച്ചിട്ടുണ്ട് നാനോയ്‌ക്ക്. 10 ദിവസം കൊണ്ടാണ് നാനോ ഈ നേട്ടം കൈവരിച്ചത്. കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച യാത്ര 10,218 കിലോ മീറ്റർ പിന്നിട്ട് ബെംഗളൂരുവിലാണ് അവസാനിപ്പിച്ചത്.
രത്തൻ ടാറ്റ ഇനിയില്ലെങ്കിലും ഇന്ത്യക്കാർക്ക് എന്നും ഓർമിക്കാനായി നിരവധി കാര്യങ്ങൾ ചെയ്‌തായിരുന്നു അദ്ദേഹത്തിന്‍റെ മടക്കം. അദ്ദേഹം ഇന്ത്യയുടെ ഓട്ടോമൊബൈൽ മേഖലയ്‌ക്ക് നൽകിയ വലിയ ഒരു സംഭാവനയാണ് ടാറ്റ മോട്ടോഴ്‌സ്.