ഹൈദരാബാദ്: ചെന്നൈ ആസ്ഥാനമായുള്ള ഇലക്‌ട്രോണിക് വാഹന സ്റ്റാർട്ടപ്പ് കമ്പനിയായ റാപ്‌റ്റി തങ്ങളുടെ ഇലക്ട്രിക് മോട്ടോർസൈക്കിളായ റാപ്‌റ്റി എച്ച് വി ടി30 പുറത്തിറക്കി. ഇന്ത്യയിലെ ആദ്യത്തെ ഹൈ-വോൾട്ടേജ് ടെക്‌നോളജിയിലുള്ള ഇലക്ട്രിക് മോട്ടോർസൈക്കിളാണ് പുറത്തിറക്കിയിരിക്കുന്നത്. 2.39 ലക്ഷം രൂപ വിലവരുന്ന റാപ്‌റ്റി ടി30, ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിൽ മികച്ച പ്രകടനം കാഴ്‌ചവെക്കുമെന്നാണ് റാപ്‌റ്റി അവകാശപ്പെടുന്നത്.
ഫീച്ചറുകൾ:
അഞ്ച് വർഷമെടുത്ത് നിർമിച്ചെടുത്ത ഹൈ വോൾട്ടേജ് ടെക്‌നോളജിയുള്ള മോട്ടോർസൈക്കിളാണ് ഇത്. 240 വോൾട്ടുള്ള വാഹനം 5.4 കിലോ വാട്ട് കപ്പാസിറ്റിയുള്ള ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. റാപ്‌റ്റി എച്ച് വി ടി30 മോട്ടോർ സൈക്കിൾ 30bhp പവറിനും 70 nm ടോർക്കിനും സമാനമായ 22 കിലോ വാട്ട് വരെ പവർ ഉത്‌പാദിപ്പിക്കും. വാഹനത്തിന് മണിക്കൂറിൽ 135 കിലോ മീറ്റർ വരെ വേഗത കൈവരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
സുരക്ഷാ ഫീച്ചറുകൾ:
റാപ്‌റ്റി എച്ച് വി ടി30യുടെ സുരക്ഷയെ കുറിച്ച് പറയുകയാണെങ്കിൽ, അതിന്‍റെ വിദഗ്‌ധമായി രൂപകൽപ്പന ചെയ്‌ത ഫ്രെയിമുകൾ എല്ലായിടത്തും ഏകീകൃതമായ ഭാരം നൽകി ബാലൻസ് ചെയ്യുന്നു. ഇത് വാഹനം വശങ്ങളിലേക്ക് ചരിച്ചാലുണ്ടാകുന്ന അപകട സാധ്യതകളെ കുറയ്‌ക്കുന്നു. റേഡിയൽ ട്യൂബ്‌ലെസ് ടയറുകളാണ് റാപ്‌റ്റി ടി30 മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് അമിത വേഗത സുഗമമായി കൈകാര്യം ചെയ്യാൻ അനുവദിക്കും.
ചാർജിങും ബാറ്ററിയും:
ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്ന അതേ ചാർജിങ് മാനദണ്ഡങ്ങൾ സ്വീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർ സൈക്കിളാണ് റാപ്‌റ്റി എച്ച് വി എന്നാണ് കമ്പനി അവകാശപ്പെടുന്നത്. രാജ്യത്തുടനീളം ലഭ്യമായ 13,500 CCS2 കാർ ചാർജിങ് സ്റ്റേഷനുകളിൽ ഉപയോഗിക്കാവുന്ന ഓൺബോർഡ് ചാർജറാണ് റാപ്‌റ്റി.എച്ച് വി ടി30 ക്ക് നൽകിയിരിക്കുന്നത്. പൊടി, ജലം എന്നിവയെ പ്രതിരോധിക്കാവുന്ന (വാട്ടർപ്രൂഫ് & ഡസ്റ്റ് റസിസ്റ്റന്‍റ്) IP67 റേറ്റിങുള്ള ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 8 വർഷം വരെയോ 80,000 കിലോമീറ്റർ വരെയോ ആണ് ബാറ്ററി വാറന്‍റി.
ഹൊറൈസൺ റെഡ്, ആർട്ടിക് വൈറ്റ്, മെർക്കുറി ഗ്രേ, എക്ലിപ്‌സ് ബ്ലാക്ക് എന്നീ നാല് കളർ ഓപ്ഷനുകളിലാണ് മോട്ടോർസൈക്കിൾ ലഭ്യമാവുക. റാപ്‌റ്റിയുടെ ഉടമസ്ഥതയിലുള്ള സെന്‍ററുകൾ വഴി 2025 ജനുവരി മുതൽ ചെന്നൈയിലും ബെംഗളൂരുവിലും ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. യുവാക്കൾക്ക് മിഡ്-പ്രീമിയം മോട്ടോർ സൈക്കിളുകളോടുള്ള ഇഷ്‌ടവും, പലരും ഇലക്ട്രിക് മൊബിലിറ്റി സ്വീകരിക്കുന്ന പ്രവണതയും കണക്കിലെടുത്താണ് റാപ്‌റ്റി എച്ച് വി ടി30 പുറത്തിറക്കിയത്.
Also Read: ടിവിഎസിനും ഹീറോയ്‌ക്കും എതിരാളി: ബജാജ് പൾസർ N125 വരുന്നു