ഹൈദരാബാദ്: ഹോണ്ടയുടെ പുതിയ ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റ് മോഡൽ ഡിസംബർ 4 ന് ലോഞ്ച് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. വാഹനം അടുത്ത മാസം പുറത്തിറക്കാനിരിക്കെ, ലോഞ്ചിന് മുൻപ് തന്നെ ഹോണ്ട അമേസിന്‍റെ ചിത്രം ചോർന്നിരുന്നു. പുറത്തുവിട്ട ഫോട്ടോയിൽ വാഹനത്തിന്‍റെ ഇൻ്റീരിയറും എക്‌സ്റ്റീരിയർ ഡിസൈനും കാണാനാകും. ADAS പോലുള്ള സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വാഹനം അവതരിപ്പിക്കുന്നത്. മികച്ച ഡിസെനിൽ അവതരിപ്പിക്കുന്ന മോഡലിൽ പുതിയ സാങ്കേതികവിദ്യകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ഹോണ്ട സിറ്റിക്കും ഹോണ്ട എലിവേറ്റിനും സമാനമായ ബോൾഡ് ഡിസൈനിലാണ് പുതിയ ഹോണ്ട അമേസ് വരുന്നത്. മുൻവശത്ത് പാറ്റേണോട് കൂടിയ വലിയ ഗ്രില്ലും, ഇരുവശത്തും ഡിആർഎല്ലുകളോട് കൂടിയ സ്‌ലീക്കർ എൽഇഡി ഹെഡ്‌ലാമ്പുകളും നൽകിയിട്ടുണ്ട്. ഗ്രില്ലിന് മുകളിൽ കണക്‌റ്റ് ചെയ്‌തിരിക്കുന്ന ക്രോം സ്ട്രിപ്പും അപ്‌ഗ്രേഡ് ചെയ്‌ത ക്ലാംഷെൽ ബോണറ്റും പ്രീമിയം ലുക്ക് നൽകുന്നതാണ്. പിൻഭാഗത്ത് എൽഇഡി ടെയിൽ ലാമ്പുകളും പുതിയ ഡിസെനിലുള്ള ബമ്പറും നൽകിയിട്ടുണ്ട്. ഷാർക്ക് ഫിൻ ആന്‍റിന, റിവേഴ്‌സ് ക്യാം, പുതിയ അലോയ് വീലുകൾ തുടങ്ങിയ ഫീച്ചറുകളും ചേർത്തിട്ടുണ്ട്.
ഇന്‍റീരിയർ ഡിസൈൻ പരിശോധിക്കുമ്പോൾ, ഡാഷ്‌ബോർഡ് ലേഔട്ട്, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയടങ്ങിയ വലിയ 8 ഇഞ്ച് ഫ്ലോട്ടിങ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം ആണ് നൽകിയിരിക്കുന്നത്. സെമി ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ആണ് ഹോണ്ട അമേസിന്‍റെ മറ്റൊരു സവിശേഷത. ക്യാബിനിൽ ഡ്യുവൽ-ടോൺ കളർ സ്‌കീമും പുതിയ അപ്ഹോൾസ്റ്ററിയും നൽകിയിട്ടുണ്ട്. ഓട്ടോമാറ്റിക് എയർ കണ്ടീഷനിങ്, റിയർ അസെൻ്റ്, ടി, വയർലെസ് ഫോൺ ചാർജർ, സിംഗിൾ പാൻ സൺറൂഫ് എന്നിവയാണ് മറ്റ് സവിശേഷതകൾ.
യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരവധി ഫീച്ചറുകൾ ഹോണ്ട നൽകിയിട്ടുണ്ട്. എയർബാഗുകൾ, അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), ലെയ്ൻ-കീപ്പിങ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, യാത്രക്കാരുടെ സുരക്ഷയ്ക്കായി ഓട്ടോണോമസ് എമർജൻസി ബ്രേക്കിങ് തുടങ്ങിയവയാണ് ഫീച്ചറുകൾ. ഇതോടൊപ്പം ഇബിഡി ഉള്ള എബിഎസ്, ഹിൽ-ഹോൾഡ് അസിസ്റ്റ്, റിവേഴ്‌സ് ക്യാമറയുള്ള പാർക്കിങ് സെൻസർ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും നൽകിയിട്ടുണ്ട്.
പഴയ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയാണ് ഹോണ്ട അമേസ് ഫെയ്‌സ്‌ലിഫ്റ്റിൽ നൽകിയിരിക്കുന്നത്. 90 എച്ച്പി പവറും 110 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് എഞ്ചിൻ. പുതിയ ഹോണ്ട അമേസിൻ്റെ സിഎൻജി വേരിയൻ്റും ഭാവിയിൽ അവതരിപ്പിച്ചേക്കും.
ഹോണ്ട അമേസിന്‍റെ പുതിയ ഫേസ്‌ലിഫ്‌റ്റ് പതിപ്പിന് നിലവിലെ മോഡലിനേക്കാൾ കൂടുതൽ വില ഉണ്ടായിരിക്കും. നിലവിലെ മോഡലിന് 7.3 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ് എക്‌സ് ഷോറൂം വില. മാരുതി ഡിസയർ, ഹ്യുണ്ടായ് ഓറ, ടാറ്റ ടിഗോർ തുടങ്ങിയ മോഡലുകളുമായി ആയിരിക്കും ലോഞ്ചിന് ശേഷം പുതിയ ഹോണ്ട അമേസ് മത്സരിക്കുക.