ഹൈദരാബാദ്: തദ്ദേശീയ എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര അടുത്തിടെ പുറത്തിറക്കിയ ഥാർ റോക്‌സിന് ലഭിക്കുന്നത് മികച്ച പ്രതികരണങ്ങൾ. ബുക്കിങ് ആരംഭിച്ച് വെറും ഒരു മണിക്കൂറിനകം മഹീന്ദ്ര ഥാർ റോക്‌സിന് 1,76,218 ബുക്കിങുകൾ ലഭിച്ചതായാണ് കമ്പനി അറിയിച്ചത്. നവരാത്രി ആകുമ്പോഴേക്കും (ഒക്‌ടോബർ 12) ബുക്കിങിന്‍റെ ഡെലിവറി ആരംഭിക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. മഹീന്ദ്ര ഥാർ റോക്‌സ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് എല്ലാ അംഗീകൃത മഹീന്ദ്ര ഡീലർഷിപ്പുകൾ വഴിയും കമ്പനിയുടെ വെബ്‌സൈറ്റ് വഴിയും ബുക്കിങ് ചെയ്യാനാകും.
ഥാർ റോക്‌സിന്‍റെ വേരിയന്‍റുകളുടെ വില:
18.79 ലക്ഷം രൂപ മുതൽ 22.49 ലക്ഷം രൂപ വരെയാണ് ഥാർ റോക്‌സിന്‍റെ എക്‌സ്-ഷോറൂം വില. 2.2 ലിറ്റർ mHawk ഡീസൽ എഞ്ചിനുള്ള ഥാർ റോക്‌സ് 6-സ്‌പീഡ് മാനുവൽ ഡീസൽ എഞ്ചിനിലും ഓട്ടോമാറ്റിക് ഡീസൽ എഞ്ചിനിലും ഥാർ റോക്‌സ് ലഭ്യമാകും. MX5 ഉൾപ്പെടുന്ന വേരിയൻ്റുകൾക്ക് 1.80 ലക്ഷം രൂപ കൂടുതലായിരിക്കും.
വേരിയന്റുകൾ | ഥാർ റോക്‌സ് 4x4 മാനുവൽ ഡീസൽ | ഥാർ റോക്‌സ് 4x4 ഓട്ടോമാറ്റിക് ഡീസൽ |
MX5 | 18.79 ലക്ഷം രൂപ | - |
AX5 L | - | 20.99 ലക്ഷം രൂപ |
AX7 L | 20.99 ലക്ഷം രൂപ | 22.49 ലക്ഷം രൂപ |
ഫീച്ചറുകൾ:
മാനുവൽ പതിപ്പിന് 150 bhp കരുത്തും 330 Nm ടോർക്കും ഉണ്ട്. ഓട്ടോമാറ്റിക് പതിപ്പിൽ 172 bhp പവറും 370 Nm ടോർക്കും ഉണ്ട്. MX5 ഉൾപ്പെടുന്ന മാനുവൽ പതിപ്പിന് 18.79 ലക്ഷം രൂപയും AX5 L ഉൾപ്പെടുന്ന ഓട്ടോമാറ്റിക് പതിപ്പിന് 20.99 ലക്ഷം രൂപയും AX7 L ഉൾപ്പെടുന്ന മാനുവൽ പതിപ്പിന് 20.99 ലക്ഷം രൂപയും ഓട്ടോമാറ്റിക് പതിപ്പിന് 22.49 ലക്ഷം രൂപയുമാണ് വില.
മഞ്ഞ്, മണൽ, ചെളി എന്നീ മോഡുകളിൽ പ്രവർത്തിക്കാനാകുന്ന ഓഫ് റോഡ് വാഹനമായതിനാൽ തന്നെ ഥാർ റോക്‌സിന് ആരാധകരേറെയാണ്. 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ചാർജിങ് പാഡ്, റിവേഴ്‌സ് ക്യാമറ, സൺറൂഫ്, ഇലക്ട്രോണിക് ലോക്കിങ് ഡിഫറൻഷ്യൽ, ടയർ പ്രഷർ മോണിറ്ററിങ്, ഓട്ടോ ഹെഡ്‌ലൈറ്റുകൾ, വൈപ്പറുകൾ തുടങ്ങിയവയാണ് ഥാർ റോക്‌സിന്‍റെ ഇന്‍റീരിയർ ഫീച്ചറുകൾ.
ലെവൽ 2 ADAS ടെക്‌നോളജി, കണക്‌റ്റഡ് കാർ ടെക്‌നോളജി, ഇൻ്റലിജൻ്റ് ടേൺ ഫംഗ്‌ഷൻ എന്നിവയ്‌ക്കൊപ്പം 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും AX5L വേരിയന്‍റിനുണ്ട്. ഇതുകൂടാതെ, പൂർണ്ണമായി ലോഡുചെയ്‌ത AX7L-ന് പനോരമിക് സൺറൂഫ്, ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, വെൻ്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, 360 ഡിഗ്രി ക്യാമറ തുടങ്ങിയ മികച്ച ഫീച്ചറുകളും നൽകിയിട്ടുണ്ട്.
Also Read: ബമ്പർ വിൽപ്പനയുമായി മാരുതി സുസുക്കി: സെപ്‌റ്റംബറിൽ വിറ്റത് ഒന്നര ലക്ഷത്തിലധികം കാറുകൾ