ഹൈദരാബാദ്: കിടിലൻ ലുക്കിൽ 650 സിസി സ്‌ക്രാംബ്ലർ ബൈക്കുമായി എൻഫീൽഡ്. ഇറ്റലിയിൽ നടക്കാനിരിക്കുന്ന EICMA 2024 മോട്ടോർ ഷോയിൽ പുതിയ റോയൽ എൻഫീൽഡ് ബിയർ 650 ലോഞ്ച് ചെയ്യുമെന്നാണ് സൂചന. ഇൻ്റർസെപ്റ്റർ 650, കോണ്ടിനെൻ്റൽ ജിടി 650, സൂപ്പർ മെറ്റിയർ 650, ഷോട്ട്ഗൺ 650 എന്നീ മോഡലുകൾക്ക് ശേഷം ട്വിൻ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള എൻഫീൽഡിന്‍റെ അഞ്ചാമത്തെ 650 സിസി മോട്ടോർസൈക്കിളാണ് ബിയർ 650.
ഇൻ്റർസെപ്റ്റർ 650 മോഡലിനെ അടിസ്ഥാനമാക്കിയാണ് റോയൽ എൻഫീൽഡ് ബിയർ 650ന് സ്‌ക്രാംബ്ലർ അധിഷ്‌ഠിത രൂപകൽപ്പന നൽകിയിരിക്കുന്നത്. മറ്റ് നിരവധി പുതിയ സവിശേഷതകളും പ്രീമിയം മെക്കാനിക്കൽ ഘടകങ്ങളും പുതിയ ബൈക്കിൽ നൽകിയിട്ടുണ്ട്. EICMA മോട്ടോർഷോയിൽ റോയൽ എൻഫീൽഡ് ബിയർ 650 ന്‍റെ വിലയും പ്രഖ്യാപിക്കും.
റോയൽ എൻഫീൽഡ് ബിയർ 650, ഡിസൈൻ:
ഡിസൈനിന്‍റെ കാര്യത്തിൽ ഇൻ്റർസെപ്റ്റർ 650 മോഡലിനേക്കാൾ ആകർഷകമാണ് ബിയർ 650. സ്‌ക്രാംബ്ലർ സ്റ്റൈൽ സീറ്റുകളും സൈഡ് പാനലുകളിലെ നമ്പർ ബോർഡും മികച്ചതാണ്. ബൈക്കിലെ ലൈറ്റുകൾ പൂർണ്ണമായും എൽഇഡി ആണ്. വീലുകളുടെ വലിപ്പം ഇൻ്റർസെപ്റ്റർ 650ൽ നിന്നും വ്യത്യസ്‌തമാണ്. സ്‌പോക്ക് വീലുകളോട് കൂടിയ പുതിയ എംആർഎഫ് നൈലോറെക്‌സ് ഓഫ് റോഡ് ടയറുകളാണ് ബൈക്കിൽ നൽകിയിരിക്കുന്നത്. ഷോവ യുഎസ്‌ഡി ഫോർക്കുകളാണ് നൽകിയിരിക്കുന്നതെങ്കിലും ഇൻ്റേണലുകൾ തികച്ചും വ്യത്യസ്‌തമാണ്. പുതിയ ബൈക്കിന് സീറ്റ് ഉയരവും വർധിപ്പിച്ചിട്ടുണ്ട്.
ബ്രേക്ക് ഇൻ്റർസെപ്റ്ററിന് സമാനമാണെങ്കിലും ഫ്രണ്ട് ബ്രേക്ക് ഡിസ്‌ക്കിൻ്റെ വലിപ്പം വലുതാണ്. സ്റ്റാൻഡേർഡായി ഡ്യുവൽ-ചാനൽ എബിഎസ് ആണ് നൽകിയിരിക്കുന്നത്. ഓഫ്-റോഡ് റൈഡിങിനായി പിൻ എബിഎസ് സ്വിച്ച് ഓഫ് ചെയ്യാം. ഇൻബിൽറ്റ് നാവിഗേഷൻ സംവിധാനമുള്ള TFT സ്‌ക്രീനാണ് ബിയർ 650ന് നൽകിയിരിക്കുന്നത്.
എഞ്ചിനെ കുറിച്ച് പറയുകയാണെങ്കിൽ, ബിയർ 650 മോഡലിന്‍റെ എഞ്ചിനിൽ കമ്പനിയുടെ നിലവിലുള്ള 650 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. എഞ്ചിൻ പരമാവധി 47 ബിഎച്ച്പി കരുത്തും 57 ന്യൂട്ടൺ മീറ്ററും ടോർക്കും നൽകും. ഇത് ഇൻ്റർസെപ്റ്റർ 650 നേക്കാൾ 5 എൻഎം കൂടുതൽ ടോർക്ക് നൽകുന്നുണ്ട്. പുതിയ ടു-ഇൻ-ഇൻറ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റമാണ് ബിയർ 650ന് നൽകിയിരിക്കുന്നത്. ബൈക്കിൻ്റെ ഭാരം ചെറുതായി കുറച്ചിട്ടുണ്ട്. എഞ്ചിൻ പഴയതുപോലെ തന്നെ 6 സ്‌പീഡ് ഗിയർബോക്‌സുമായി ആണ് ഘടിപ്പിച്ചിരിക്കുന്നത്.
അഞ്ച് കളർ ഓപ്‌ഷനുകളിലാണ് റോയൽ എൻഫീൽഡ് ബിയർ 650 പുറത്തിറക്കുന്നത്. ഓരോ കളർ ഓപ്‌ഷനുകളിലും വില വ്യത്യസ്‌തമായിരിക്കും. നവംബർ 5 ന് റോയൽ എൻഫീൽഡ് ബിയർ 650 ലോഞ്ച് ചെയ്യുമെന്നാണ് സൂചന. അതേ ദിവസം തന്നെ വിലയും വെളിപ്പെടുത്തും. ബുക്കിങ് ഇതുവരെ ആരംഭിച്ചിട്ടില്ല.
Also Read: ദീപാവലിക്ക് ടാറ്റ കർവ് ഇവി വാങ്ങാൻ പ്ലാനുണ്ടോ? അഞ്ച് മോഡലുകളും ഫീച്ചറുകളും