ഹൈദരാബാദ്: ഇന്ത്യയിലെ ഉത്‌പാദനം വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി വരുന്ന രണ്ട് വർഷത്തിനുള്ളിൽ 5 മുതൽ 6 ലക്ഷം വരെ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് ടെക് ഭീമനായ ആപ്പിൾ. നിലവിൽ ഐഫോൺ കയറ്റുമതി ഓരോ മാസവും ഏകദേശം ഒരു ബില്യൺ (100 കോടി) ആയി തുടരുകയാണ്. ഐഫോണിന്‍റെ വിതരണ ശൃംഖലയിലുടനീളം വനിത ജീവനക്കാർ അടക്കം 2 ലക്ഷത്തോളം ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ട്. തൊഴിലവസരങ്ങൾ ഇനിയും ഉയർന്നേക്കും.
ഇന്ത്യയിലെ ഐഫോൺ നിർമാണ പ്ലാന്‍റുകളിൽ ഉത്‌പാദനം വർധിപ്പിച്ചതിനാലാണ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനൊരുങ്ങുന്നത്. ഫോക്‌സ്‌കോണും പെഗാട്രോണും കൂടാതെ രണ്ട് ആപ്പിൾ നിർമാണ പ്ലാന്‍റുകൾ പ്രവർത്തിപ്പിക്കുന്ന ടാറ്റ ഇലക്‌ട്രോണിക്‌സ് ആണ് ഇന്ത്യയിൽ ആപ്പിൾ ശൃംഖലയിൽ ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നത്. സർക്കാരിന്‍റെ പ്രൊഡക്ഷൻ-ലിങ്ക്ഡ് ഇൻസെന്‍റീവ് (പിഎൽഐ) പദ്ധതി ഐഫോണിന്‍റെ ഉത്‌പാദനത്തിലും കയറ്റുമതിയിലും വലിയ പങ്കുവഹിക്കുന്നുണ്ട്.
ഇന്ത്യയെ ആഗോള മാനുഫാക്‌ചറിങ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിടുന്നതിനാലാണ് സർക്കാർ പിഎൽഐ പദ്ധതി വഴി മൊബൈൽ ഫോൺ ഉത്‌പാദനത്തെയും കയറ്റുമതിയെയും പ്രോത്സാഹിപ്പിക്കുന്നത്. കഴിഞ്ഞ 10 വർഷമായി ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിൽ മുൻനിരയിലുള്ളത് മൊബൈൽ ഫോൺ നിർമാണ മേഖലയാണ്.
ഉത്സവ കാലയളവിലെ വിൽപനയിലുണ്ടാകുന്ന വർധനവ് കണക്കിലെടുത്ത് അടുത്ത് തന്നെ ഐഫോൺ ഫാക്‌ടറികളിലേക്ക് പതിനായിരത്തിലധികം ആളുകളെ നേരിട്ട് റിക്രൂട്ട് ചെയ്യാനൊരുങ്ങുകയാണ് ആപ്പിൾ. ഈ സമയത്തേക്ക് പ്രവർത്തനക്ഷമമാകുന്ന രീതിയിൽ രാജ്യത്ത് പുതിയ ഐഫോൺ അസംബ്ലി പ്ലാന്‍റുകളും ടാറ്റ ഗ്രൂപ്പ് നിർമിക്കുന്നുണ്ട്. തമിഴ്‌നാട്ടിലെ ഹൊസൂരിലാണ് പുതിയ പ്ലാന്‍റ് നിർമിക്കുന്നത്. ഇവിടെ വനിതകളടക്കം 50,000 പേർക്ക് ജോലി നൽകാനാകുമെന്നാണ് കരുതുന്നത്.
ഐഫോൺ 16 പ്രോ, പ്രോ മാക്‌സ് മോഡലുകൾ അവതരിപ്പിക്കുന്നതിനായി ആപ്പിൾ ഇതിനകം തന്നെ തമിഴ്‌നാട്ടിലെ പെരുമ്പത്തൂരിലുള്ള ഫാക്‌ടറിയിൽ ആയിരക്കണക്കിന് തൊഴിലാളികളെ പരിശീലിപ്പിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിക്ഷേപം ഇരട്ടി ആക്കിയിരിക്കുകയാണ് ആപ്പിൾ. ക്യാമറയിൽ മറ്റ് ഫീച്ചറുകൾ കൂട്ടിച്ചേർക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പിന്‍റെ ടൈറ്റൻ കമ്പനിയുമായും മുരുഗപ്പ ഗ്രൂപ്പുമായും ആപ്പിൾ വിപുലമായ ചർച്ചകൾ നടത്തിവരുകയാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ചൈനയിലെ ചിലയിടങ്ങളിലെ തങ്ങളുടെ ഉത്‌പാദനം കുറയ്‌ക്കാൻ പദ്ധതിയിടുന്ന ആപ്പിൾ ഇന്ത്യയിൽ ഒരു വർഷത്തിൽ 50 മില്യൺ ഐഫോണുകൾ ഉത്‌പാദിപ്പിക്കാനും ലക്ഷ്യമിടുന്നു. 2023-24 കാലഘട്ടത്തിൽ 12.1 ബില്യൺ ഡോളർ ആണ് ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി. അതേസമയം 2022-23ൽ 6.27 ബില്യൺ ഡോളർ ആയിരുന്നു കയറ്റുമതി. ഈ വർധനവ് ചൂണ്ടിക്കാട്ടുന്നത് ഇലക്‌ട്രോണിക്‌സ് നിർമാണത്തിൽ ചൈനയ്‌ക്കും വിയറ്റ്നാമിനും ഒരു പ്രായോഗിക ബദലെന്ന നിലയിലുള്ള ഇന്ത്യയുടെ വളർച്ചയെയാണ്.
Also Read: ആവശ്യക്കാരേറും: ഐഫോൺ 16 പ്രോ മാക്‌സിന്‍റെ ഉത്പ്പാദനം വർധിപ്പിക്കാനൊരുങ്ങി ആപ്പിൾ