ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 സീരീസിന് ലോകമെമ്പാടും മികച്ച പ്രതികരണം ലഭിച്ചിരുന്നു. ലോഞ്ച് ചെയ്‌ത ദിവസം നിരവധി പേരാണ് സ്‌മാർട്‌ഫോൺ വാങ്ങാനായി ആപ്പിൾ സ്റ്റോറുകളിൽ തടിച്ചുകൂടിയത്. മികച്ച വിൽപ്പനയുമായി മുന്നോട്ട് പോകുന്നതിനിടെ ഇന്തോനേഷ്യയിൽ ഐഫോൺ വിൽപ്പനയ്‌ക്ക് തിരിച്ചടി നേരിട്ടിരിക്കുകയാണ്. ഐഫോൺ 16 ൻ്റെ ഉപയോഗം നിരോധിച്ചതായാണ് ഇന്തോനേഷ്യൻ വ്യവസായ മന്ത്രി ഗുമിവാങ് കർത്തസമിത അറിയിച്ചത്.
ഐഫോണിന്‍റെ വിൽപ്പനയ്ക്കും ഉപയോഗത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആരെങ്കിലും ഉപയോഗിച്ചാൽ നിയമവിരുദ്ധമാകുമെന്നും ശിക്ഷ ലഭിക്കുമെന്നും വ്യവസായ മന്ത്രി അറിയിച്ചിട്ടുണ്ട്. ഇന്തോനേഷ്യയിൽ വിൽപ്പന നടത്തുന്നതിന് ആവശ്യമായ മൊബൈൽ എക്യുപ്‌മെൻ്റ് ഐഡൻ്റിറ്റി (IMEI) സർട്ടിഫിക്കറ്റ് ഐഫോൺ 16ന് ലഭിച്ചിട്ടില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.
ഇന്തോനേഷ്യയിൽ നിക്ഷേപം നടത്തുമെന്ന് ആപ്പിൾ മുൻപ് പറഞ്ഞിരുന്നു. എന്നാൽ ഈ വാഗ്‌ദാനങ്ങൾ പാലിക്കുന്നതിൽ ആപ്പിൾ പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്തോനേഷ്യൻ സർക്കാർ ഐഫോൺ 16ന് നിരോധനം ഏർപ്പെടുത്തിയത്. തങ്ങൾ 1.71 മില്യൺ റുപിയ ഇന്തോനേഷ്യൻ കറൻസി നിക്ഷേപിക്കുമെന്നായിരുന്നു ആപ്പിൾ നേരത്തെ വാഗ്‌ദാനം ചെയ്‌തിരുന്നത്. എന്നാൽ 1.48 മില്യൺ മാത്രമാണ് നിക്ഷേപിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത്. ആപ്പിൾ ഉത്തരവാദിത്വം മറന്നതിനാലാണ് ഐഫോൺ 16ന്‍റെ വിൽപ്പനയും ഉപയോഗവും നിരോധിക്കാൻ തീരുമാനമെടുത്തതെന്ന് വ്യവസായ മന്ത്രി പറഞ്ഞു.
ഇന്തോനേഷ്യയിൽ വിൽക്കുന്ന ഏത് ഉത്‌പന്നത്തിന്‍റെയും, കുറഞ്ഞത് 40 ശതമാനമെങ്കിലും തദ്ദേശീയമായി നിർമ്മിച്ചതാകണമെന്ന ചട്ടം ഇന്തോനേഷ്യയിലുണ്ട്. ഇത് പരിശോധിച്ച് ഉത്‌പന്നത്തിന് സെർട്ടിഫിക്കേഷൻ നൽകിയാൽ മാത്രമേ രാജ്യത്ത് വിൽക്കാൻ അനുമതി ലഭിക്കുകയുള്ളൂ. ഐഫോൺ 16ന് സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.
സർക്കാറിന്‍റെ പുതിയ തീരുമാനം ഇന്തോനേഷ്യയിൽ വിനോദസഞ്ചാരത്തിനായി എത്തുന്ന സഞ്ചാരികളെ ബാധിക്കുമോ എന്ന ആശങ്കയുമുണ്ട്. ഇന്തോനേഷ്യൻ സർക്കാരിൻ്റെ തീരുമാനത്തിൽ അമ്പരന്നിരിക്കുകയാണ് ആപ്പിൾ കമ്പനി. ആപ്പിൾ സിഇഒ ആയ ടിം കുക്ക് ഇന്തോനേഷ്യൻ പ്രസിഡൻ്റുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. ഇന്തോനേഷ്യയിൽ ഐഫോൺ നിർമ്മാണ പ്ലാൻ്റ് സ്ഥാപിക്കുന്നത് കുക്ക് ചർച്ച ചെയ്‌തിട്ടുണ്ട്.