ഹൈദരാബാദ്: ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചറുകളോടെ ഐഒഎസ് 18.1 അപ്‌ഡേറ്റ് ഒക്‌ടോബർ 28ന് എത്തുമെന്ന് ബ്ലൂംബെർഗിൻ്റെ റിപ്പോർട്ടുകൾ. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 16 സീരീസിലെ ഏറ്റവും വലിയ ഫീച്ചറാണ് ആപ്പിൾ ഇന്‍റലിജൻസ്. എന്നാൽ വിൽപ്പനയ്‌ക്ക് എത്തിച്ചതിനു ശേഷം ഘട്ടം ഘട്ടമായാണ് ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചറുകൾ ഐഒഎസ് 18.1 അപ്‌ഡേറ്റിലൂടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയെന്ന് ആപ്പിൾ അറിയിച്ചിരുന്നു.
ഈ വർഷം ജൂണിൽ നടന്ന വേൾഡ്‌വൈഡ് ഡെവലപ്പേഴ്‌സ് കോൺഫറൻസിൽ (WWDC) പുതിയ ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചറുകൾക്കൊപ്പം ഐഒഎസ് 18.1 അപ്‌ഡേഷനും ആപ്പിൾ ആദ്യം പ്രിവ്യൂ ചെയ്‌തിരുന്നു. എന്നാൽ പ്രതീക്ഷിച്ച പോലെ ഐഫോൺ 16 ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചറുമായി എത്തിയിയിരുന്നില്ല. ആപ്പിൾ ഇന്‍റലിജൻസ് വലിയ ബഗ് ഫ്രീ ആണെന്ന് ഉറപ്പാക്കാനാണ് ആപ്പിൾ കൂടുതൽ സമയമെടുക്കുന്നതെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടുകൾ.
ഐഫോണിനൊപ്പം, ആപ്പിളിന്‍റെ ഐപാഡുകളിലും മാക്ക് ബുക്കിലും സോഫ്‌റ്റ്‌വെയർ അപ്‌ഡേഷൻ വഴി ആപ്പിൾ ഇന്‍റലിജൻസ് ഫീച്ചർ ലഭ്യമാകും. ആപ്പിൾ ഇന്‍റലിജൻസ് ലഭ്യമാകുന്ന ഐഫോൺ മോഡലുകൾ ഏതൊക്കെയെന്ന് നോക്കാം.
- ഐഫോൺ 16 (A18 ചിപ്പ് )
- ഐഫോൺ 16 പ്ലസ് (A18 ചിപ്പ്)
- ഐഫോൺ 16 പ്രോ (A18 പ്രോ ചിപ്പ്)
- ഐഫോൺ 16 പ്രോ (A18 പ്രോ ചിപ്പ്)
- ഐഫോൺ 15 പ്രോ (A17 പ്രോ ചിപ്പ്)
- ഐഫോൺ 15 പ്രോ മാക്‌സ് (A17 പ്രോ ചിപ്പ്)
എന്താണ് ആപ്പിൾ ഇന്‍റലിജൻസ്:
ആപ്പിളിന്‍റെ എഐ ഫീച്ചറുകളെയാണ് ആപ്പിൾ ഇന്‍റലിജൻസ് എന്ന് വിളിക്കുന്നത്. മറ്റ് എഐ ടൂളുകളിൽ നിന്നും വ്യത്യസ്‌തമായ ആപ്പിൾ ഇന്‍റലിജൻസ് ഉപയോഗിക്കാൻ വളരെ എളുപ്പമായിരിക്കും. പുതിയ സിരി സംവിധാനം, ടെക്‌സ്റ്റ് എഡിറ്റിങ് ടൂൾ, എഐ ടെക്‌സ്റ്റ് റൈറ്റിങ് ടൂളുകൾ ഉൾപ്പെടെയുള്ള നിരവധി എഐ ഫീച്ചറുകളാണ് ആപ്പിൾ ഇന്‍റലിജൻസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ആപ്പിൾ ഇന്‍റലിജൻസ് വരുന്നതോടെ സിരി സംവിധാനം കൂടുതൽ കാര്യക്ഷമമാകുമെന്നാണ് കരുതുന്നത്. മെസേജുകൾ, മെയിൽ പോലുള്ള ആപ്പുകൾക്ക് നോട്ടിഫിക്കേഷന്‍റെ സമ്മറി നൽകാനും, പ്രൂഫ് റീഡിങ്, റീറൈറ്റിങ്, ടെക്‌സ്റ്റ് സമ്മറൈസ് ചെയ്യൽ, ഫോട്ടോ ക്ലീൻ അപ്പ് ടൂൾ തുടങ്ങിയ വിപുലമായ സവിശേഷതകളോടെയാണ് ആപ്പിൾ ഇന്‍റലിജൻസ് വരുന്നത്. ചാറ്റ്ജിപിടി ഇൻ്റഗ്രേഷൻ, ജെൻമോജി കസ്റ്റം ഇമോജിക്കുള്ള പിന്തുണ തുടങ്ങിയ ഫീച്ചറുകൾ ഐഒഎസ് 18.2 അപ്‌ഡേഷനിൽ എത്തുമെന്നാണ് വിവരം.