ആശുപത്രിയിലേക്കുള്ളത് തകര്‍ന്ന റോഡ്; വഴിയരികില്‍ യുവതി പ്രസവിച്ചു! - മഹാരാഷ്‌ട്ര ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
മുംബൈ: പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ സൃഷ്‌ടിക്കുന്ന പ്രതിസന്ധികള്‍ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും നേരിടുന്ന ഗുരുതര പ്രശ്‌നമാണ്. അത്തരത്തിലൊരു പ്രശ്‌നത്തിന് ഉത്തമ ഉദാഹരണമാണ് മഹാരാഷ്‌ട്രയിലെ കോലാപൂര്‍ റോഡുകള്‍. റോഡിന്‍റെ ശോചനീയാവസ്ഥ മൂലം ആംബുലന്‍സിന് എത്തിപ്പെടാൻ സാധിക്കാത്തതിനെ തുടര്‍ന്ന് റോഡരികില്‍ കുഞ്ഞിന് ജന്മം നല്‍കിയിരിക്കുകയാണ് യുവതി.
കിരണ്‍ കേശു പാല്‍വി എന്ന യുവതിയാണ് റോഡരികില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കിയത്. മധ്യപ്രദേശ് സ്വദേശിയായ യുവതിയും കുടംബാംഗങ്ങളും റൈട്ട് ഷുഗര്‍ ഫാക്‌ടറിയില്‍ കരിമ്പ് വെട്ടുന്ന തൊഴിലാളികളായി ജോലി ചെയ്‌ത് വരികയായിരുന്നു. കരിമ്പ് വെട്ടുന്ന തൊഴിലാളികളായി ജോലി ചെയ്‌ത് വരുന്ന 32 പേരും കസാഗാവോണ്‍ പ്രദേശത്താണ് താമസിക്കുന്നത്.
ഇന്നലെ രാത്രി മൂന്ന് മണിക്ക് ജോലി കഴിഞ്ഞ് ട്രാക്‌ടറില്‍ മടങ്ങവെ തകര്‍ന്ന് കിടക്കുന്ന റോഡിലെ കുഴികള്‍ മൂലം പാല്‍വിയ്‌ക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. യുവതിയുടെ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് ട്രാക്‌ടറിന്‍റെ ഉടമസ്ഥന്‍ സൂരജ് നന്ദേ്കര്‍ ആംബുലന്‍സിനെ വിവരമറിയിച്ചിരുന്നു. എന്നാല്‍, റോഡിന്‍റെ ദയനീയാവസ്ഥ മൂലം ആംബുലന്‍സ് എത്താന്‍ വൈകിയിരുന്നു.
ഇതേസമയം, കൂടെയണ്ടായിരുന്ന തൊഴിലാളികളായ സ്‌ത്രീകളുടെ സഹായത്തോടെ റോഡരികില്‍ വച്ച് യുവതി കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. തുടര്‍ന്ന്, പാഴ്‌ചെടി ഉപയോഗിച്ചായിരുന്നു പൊക്കിള്‍ കൊടി മുറിച്ച് മാറ്റിയത്. പിന്നീട് വൈകിയെത്തിയ ആംബുലന്‍സില്‍ യുവതിയേയും കുഞ്ഞിനെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അമ്മയും കുഞ്ഞും മുര്‍ഗുഡിലെ പ്രാദേശിക ആശുപത്രിയില്‍ കഴിയുകയാണ്. ഇരുവരുടെയും ആരോഗ്യ നിലയില്‍ കുഴപ്പങ്ങളൊന്നുമില്ലെന്ന് ഡോക്‌ടര്‍ അറിയിച്ചു.