എറണാകുളത്ത് ജനവാസ മേഖലയിലെ കിണറ്റിൽ വീണ് കാട്ടാനയും കുട്ടിയാനയും ; രക്ഷപ്പെടുത്തി വനം വകുപ്പ് - wild elephant fell into well rescue

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 21, 2023, 1:24 PM IST

എറണാകുളം: മാമലക്കണ്ടം എളംബ്ലാശ്ശേരി ആദിവാസിക്കുടിയിൽ ജനവാസമേഖലയിലെ കിണറ്റിൽ വീണ കാട്ടാനയെയും കുട്ടിയാനയെയും രക്ഷപ്പെടുത്തി (Wild elephant and baby fell into well in Ernakulam). വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി കിണറിന്‍റെ ഒരു ഭാഗം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഇടിച്ച് മാറ്റിയതോടെയാണ് ആനകൾക്ക് കിണറ്റിൽ നിന്നും കയറാനായത്. രക്ഷപ്പെട്ട കാട്ടാനയും കുട്ടിയാനയും ചിതറി ഓടിയത് പരിഭ്രാന്തി പടർത്തി. ആനകൾ വനത്തിലേക്ക് കയറി പോവുകയും ചെയ്‌തു. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് ഒരു നാട്ടുകാരനും വനം വകുപ്പ് ഉദ്യോഗസ്ഥനും പരിക്കേറ്റു. പേപ്പാറയിൽ  പൊന്നമ്മയുടെ വീടിന് സമീപത്തുള്ള സംരക്ഷണ ഭിത്തിയില്ലാത്ത കിണറ്റിലാണ് കാട്ടാനയും കുട്ടിയാനയും വീണത്. കാട്ടാനക്കൂട്ടത്തിൻ്റെ ആക്രമണത്തിൽ നേരത്തയും പൊന്നമ്മയുടെ വീട്  തകർക്കപ്പെട്ടിരുന്നു. പിന്നീട്  ഷെഡ് കെട്ടിയാണ് ഇവിടെ താമസിച്ച് വന്നിരുന്നത്. കുടിലും കാട്ടാനകൾ നശിപ്പിച്ചതോടെ പൊന്നമ്മ മാസങ്ങൾക്ക് മുമ്പ് പട്ടയക്കുടിയിൽ ഇവരുടെ തറവാട് വീടിനോട് ചേർന്നുള്ള സ്ഥലത്തേക്ക് താമസം മാറിയിരുന്നു. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് കാട്ടാനകൾ കിണറ്റിൽ വീണതെന്നാണ് നാട്ടുകാർ നൽകുന്ന വിവരം. ആദ്യം കുട്ടിയാന കിണറ്റിൽ വീഴുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ തള്ളയാന പതിച്ചതാകാമെന്നുമാണ് കരുതുന്നത്. ആഴം കുറഞ്ഞ കിണറ്റിൽ നിന്നും സ്വയം രക്ഷപ്പെടാൻ ആനകൾ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. പുലർച്ചെ തന്നെ നാട്ടുകാർ സംഭവ സ്ഥലത്തെത്തി വനം വകുപ്പ് വാച്ചർമാരെയും വനപാലകരെയും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നേര്യമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള വനംപാലക സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.