Wayanad Kannothmala Jeep Accident | 9 പേരുടെ ജീവനെടുത്ത ജീപ്പ് അപകടം : പ്രിയപ്പെട്ടവരുടെ വിയോഗം താങ്ങാനാവാതെ വയനാട് മക്കിമലക്കാർ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Aug 26, 2023, 12:27 PM IST

വയനാട് : നാടിനെ നടുക്കിയ വയനാട്, മക്കിമല വാഹനാപകടത്തിൽ മരിച്ചവരുടെ സംസ്‌കാരം ഇന്ന് നടക്കും. അപകടത്തിൽ ഒമ്പത് പേർക്കാണ് ജീവൻ നഷ്‌ടമായത്. ആറ് പേരുടെ സംസ്‌കാരം വീട്ടുവളപ്പിലും മൂന്ന് പേരുടെ സംസ്‌കാരം പൊതുശ്‌മശാനത്തിലും നടക്കും. മരിച്ചവരുടെ മൃതദേഹങ്ങൾ ഇന്ന് 12 മണിക്ക് മക്കിമല എൽപി സ്‌കൂളിൽ പൊതുദർശനത്തിനുവയ്ക്കും. രണ്ടുമണിയോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് കണ്ണോത്ത് മലയ്ക്ക് (Kannothmala) സമീപം അപകടമുണ്ടായത്. ദുരന്തത്തിൽ മരിച്ചവരെല്ലാം സ്ത്രീകളാണ്. ജീപ്പിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരും പരിക്കേറ്റ് ചികിത്സയിലാണ്. ഇതിൽ ഡ്രൈവർ മണികണ്‌ഠനുൾപ്പടെ രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇരുവരേയും ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം നഷ്‌ടമായ ജീപ്പ് 30 മീറ്റർ താഴ്‌ചയിലേക്കാണ് പതിച്ചത്. ഇതാണ് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചത്. ജീപ്പിൽ ആകെ 14 പേരാണ് ഉണ്ടായിരുന്നത് (Wayanad Kannothmala Jeep Accident). താഴ്‌ചയിലേക്ക് മറിഞ്ഞപ്പോൾ പലർക്കും തലയ്ക്ക് ക്ഷതമേറ്റു. ഇതാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തെ കുറിച്ചുള്ള പൊലീസിന്‍റെയും മോട്ടോർ വാഹന വകുപ്പിന്‍റെയും വിശദാന്വേഷണവും ഇന്ന് തുടങ്ങും. ജീപ്പ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ തലപ്പുഴയിൽ വ്യാപാരികൾ ഇന്ന് കടകൾ അടച്ചിട്ടിരിക്കുകയാണ്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.