Wagamon Cantilever Glass Bridge: കാഴ്‌ചകളാല്‍ ത്രസിപ്പിച്ച് നെഞ്ചിടിപ്പേറ്റും ഈ ചില്ലുപാലം ; വാഗമണ്ണില്‍ കാന്‍റിലിവര്‍ ഗ്ലാസ്‌ബ്രിഡ്‌ജ് - സാഹസിക വിനോദ പാര്‍ക്ക്
🎬 Watch Now: Feature Video
Published : Sep 6, 2023, 5:21 PM IST
ഇടുക്കി : രാജ്യത്തെ ഏറ്റവും നീളം കൂടിയ കാന്‍റിലിവര്‍ ചില്ലുപാലവും സാഹസിക വിനോദ പാര്‍ക്കും വാഗമണ്ണില്‍ സജ്ജം (WagamonCantilever Glass Bridge). ചില്ലുപാലം അടക്കം എട്ട് അഡ്വഞ്ചര്‍ റൈഡുകളാണ് ഒരുക്കിയിരിക്കുന്നത്. ആറുകോടിയുടെ സാഹസിക റൈഡുകളാണ് അഡ്വഞ്ചര്‍ പാര്‍ക്കില്‍ ഒരുങ്ങുന്നത്. ഓണത്തോടനുബന്ധിച്ച് പാർക്ക് തുറക്കാനാണ് തീരുമാനിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ വൈകുകയായിരുന്നു. ഗ്ലാസ് ബ്രിഡ്‌ജിന് പുറമെ ആകാശ ഊഞ്ഞാല്‍, റോക്കറ്റ് ഇജക്‌ടര്‍, ജയന്‍റ് സിംഗ്, സിപ്‌ലൈന്‍, സ്‌കൈ സൈക്ലിംഗ്, സ്‌കൈ റോളര്‍, ഫ്രീഫോള്‍ എന്നിവയാണ് പുതുതായി ഒരുക്കിയിരിക്കുന്ന റൈഡുകള്‍. വിദേശ രാജ്യങ്ങളിലും മറ്റുമുള്ള, മൂന്നുകോടി മുതല്‍മുടക്കില്‍ നിര്‍മിച്ചിരിക്കുന്ന കാന്‍റിലിവര്‍ ഗ്ലാസ് ബ്രിഡ്‌ജാണ് ഇതില്‍ ഏറ്റവും ആകര്‍ഷകം. സ്വകാര്യ സംരംഭകരുമായി ചേര്‍ന്ന് ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുക എന്ന സര്‍ക്കാര്‍ നയത്തിന്‍റെ ഭാഗമായി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത്‌മാതാ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്‍റെ കിക്കി സ്റ്റാര്‍സും ചേര്‍ന്നാണ് ഇതൊരുക്കിയിരിക്കുന്നത്. ജര്‍മനിയില്‍ നിന്നെത്തിച്ച ഗ്ലാസും 35 ടണ്‍ സ്റ്റീലുമാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. സമുദ്രനിരപ്പില്‍നിന്ന് 3,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാഗമണ്ണില്‍ ഒരു വശത്തുമാത്രം ഉറപ്പിച്ചിരിക്കുന്ന ചില്ലുപാലമാണ് സജ്ജമാക്കിയിരിക്കുന്നത്. നീളം 40 മീറ്റര്‍. അഡ്വഞ്ചര്‍ പാര്‍ക്കില്‍നിന്ന് കാടിന്‍റെ മുകളിലൂടെ നീണ്ടുനില്‍ക്കുന്ന ചില്ലുപാലം 150 അടി ഉയരത്തിലെ കാഴ്‌ചകള്‍ സമ്മാനിക്കും. മുണ്ടക്കയം, കൂട്ടിക്കല്‍, കൊക്കയാര്‍ മേഖലകള്‍ വരെ കാണാം. 500 രൂപയാണ് പ്രവേശന ഫീസ്. വരുമാനത്തിന്‍റെ 30 ശതമാനം ഡിടിപിസിക്ക് ലഭിക്കും.