Vizhinjam Parish Representatives At Port Event: 'നാടിന്‍റെ വികസനത്തിനായി ഒരുമിച്ച് നിൽക്കും'; വിഴിഞ്ഞത്തെ ചടങ്ങിൽ പങ്കെടുത്ത് ഇടവക പ്രതിനിധികൾ - Vizhinjam Port Reception
🎬 Watch Now: Feature Video
Published : Oct 15, 2023, 10:17 PM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിൽ പങ്കെടുത്ത് വിഴിഞ്ഞം ഇടവക വികാരി ഫാദർ നിക്കോളസും നാല് പ്രതിനിധികളും (Vizhinjam Parish Representatives At Port Event). ലത്തീൻ സഭയും സർക്കാരും തമ്മിൽ നടക്കുന്ന വാക്ക്പോരിനിടെയാണ് വിഴിഞ്ഞം ഇടവക വികാരി ചടങ്ങിൽ പങ്കെടുത്തത്. എമിരേറ്റ്സ് ആർച് ബിഷപ്പ് ഡോ. സൂസൈപക്യവും (Dr Soosa Pakiam) ചടങ്ങിൽ പങ്കെടുത്തു. ലത്തീൻ അതിരൂപത ബിഷപ്പ് തോമസ് ജെ നെറ്റോയുടെ (Archbishop Thomas J Netto) പേര് പോസ്റ്ററിലുണ്ടായിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. പോർട്ടിനെ ആദ്യം സ്വാഗതം ചെയ്‌തത് ഇടവകയാണെന്നും നാടിന്‍റെ വികസനത്തിനായി ഒരുമിച്ച് നിൽക്കുമെന്നും ഇടവക പ്രതിനിധികൾ ഇടിവി ഭാരതിനോട് പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രശ്‌നം ആശങ്കയിലായപ്പോഴാണ് സമരവുമായി മുന്നോട്ട് നീങ്ങിയത്. എന്നാൽ ഫിഷറീസ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ പ്രതീക്ഷയും വിശ്വാസവും ഉള്ളതിനാലാണ് ചടങ്ങിൽ പങ്കെടുക്കുന്നതെന്നും പ്രതിനിധികൾ കൂട്ടിച്ചേർത്തു. നേരത്തെ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങുകൾ നടത്തുന്നതിനെ വിമർശിച്ച് ലത്തീൻ അതിരൂപത വികാരി ജനറൽ യൂജിൻ പേരേര രംഗത്ത് വന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് നടത്തുന്ന സ്വീകരണ ചടങ്ങ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രം എന്നായിരുന്നു യുജിൻ പെരേര വിമർശിച്ചത്. ആർച് ബിഷപ്പിന്‍റെയും സൂസൈപക്യത്തിന്‍റെയും ഫോട്ടോ നോട്ടീസിൽ വച്ചത് അവരുടെ അനുവാദം ഇല്ലാതെയെന്നും ഭരണാധികാരികൾ തന്നെ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.