Vizhinjam international sea port official name and logo "വിഴിഞ്ഞം ഇൻ്റർനാഷണൽ സീപോർട്ട് " ഔദ്യോഗിക നാമവും ലോഗോയും പ്രകാശനം ചെയ്‌ത് മുഖ്യമന്ത്രി - Vizhinjam International Port
🎬 Watch Now: Feature Video
Published : Sep 20, 2023, 3:15 PM IST
തിരുവനന്തപുരം : കേരളത്തിൻ്റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ ഔദ്യോഗിക നാമവും ലോഗോയും മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്‌തു (Vizhinjam international sea port released the official name and logo). വിഴിഞ്ഞം ഇന്‍റർനാഷണൽ സീപോർട്ട് എന്നാണ് തുറമുഖത്തിന്‍റെ ഔദ്യോഗിക പേര്. നീല നിറത്തിൽ ഇംഗ്ലീഷ് അക്ഷരം വി എന്നതിൽ കടൽ തിരയും കപ്പലിന്റെ മാതൃകയും ചേർന്നതാണ് ലോഗോ. ഈ ലോഗോ വിഴിഞ്ഞം തുറമുഖത്തിന്‍റെ കീർത്തിമുദ്രയായി തിളങ്ങിനിൽക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
വിഴിഞ്ഞം തുറമുഖം സ്വകാര്യ തുറമുഖമല്ല, സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും സ്വത്താണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. തുറമുഖം വന്നാൽ സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയിൽ ഗണ്യമായ പുരോഗമനം വരും. തുറമുഖം തുറക്കുമ്പോൾ തന്നെ 10 ലക്ഷം കണ്ടെയ്നർ കൈകാര്യം ചെയ്യുമെന്നും മന്ത്രി അഹമ്മദ് ദേവർകോവില്‍ കൂട്ടിച്ചേർത്തു. വിഴിഞ്ഞം തുറമുഖത്തേക്ക് ഒക്‌ടോബർ നാലിന് ആദ്യ കപ്പല്‍ എത്തുമെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞം തുറമുഖ നിർമാണത്തിൽ കേരളത്തിൽ പബ്ലിക് പ്രൈവറ്റ് പാർട്‌ണർഷിപ്പ് എന്നത് നടപ്പിലാക്കിയെന്നും തുറമുഖം യാഥാർഥ്യമാകുന്നതിലൂടെ ടൂറിസം അടക്കം കൂടുതൽ മേഖലകളിൽ തൊഴിൽ സാധ്യതകൾ ഉണ്ടാകുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പറഞ്ഞു.
വിഴിഞ്ഞം തുറമുഖം: രാജ്യത്തെ ആദ്യത്തെ ട്രാൻസ്‌ഷിപ്പ്‌മെന്‍റ് തുറമുഖമാണ് വിഴിഞ്ഞം. 25 വര്‍ഷത്തിലധികം കുരുക്കിലായിരുന്നു വിഴിഞ്ഞം തുറമുഖ നിര്‍മാണം 2015 ഡിസംബറില്‍ ഉത്സവ ലഹരിയിലായിരുന്നു ഉദ്‌ഘാടനം. 2019 ഡിസംബറില്‍ 1000 ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കി വിഴിഞ്ഞത്ത് ആദ്യ കപ്പലടുപ്പിക്കുമെന്നായിരുന്നു പദ്ധതി ഏറ്റെടുത്ത അദാനിയുടെ വാഗ്‌ദാനമെങ്കിലും ഓഖി അടക്കമള്ള പ്രകൃതി ദുരന്തങ്ങളും കല്ല് ഉള്‍പ്പെടെയുള്ള അസംസ്‌കൃത വസ്‌തുക്കളുടെ അഭാവവും ഭരണമാറ്റവുമൊക്കെ പദ്ധതിക്ക് പ്രതീക്ഷിച്ച വേഗം കൈവരിക്കുന്നതിനു തടസമായി.