'ചിന്ന ചിന്ന ആസൈ'യുമായി മഞ്ജരിയും ജില്ലാ കലക്‌ടർ ദിവ്യ എസ് അയ്യരും; ഗാനം സോഷ്യൽ മീഡിയയിൽ വൈറൽ - manjari
🎬 Watch Now: Feature Video
പത്തനംതിട്ട: പ്രശസ്‌ത ഗായിക മഞ്ജരിയും ജില്ലാ കലക്‌ടർ ഡോ. ദിവ്യ എസ് അയ്യരും ചേർന്ന് ചിന്ന ചിന്ന ആസൈ പാടിയപ്പോൾ സംഗീത നിശ കേൾക്കാൻ എത്തിയവർക്ക് അത് ഇരട്ടി മധുരമായി. സംസ്ഥാന സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച 'എൻ്റെ കേരളം പ്രദർശന വിപണന മേള'യുടെ ആദ്യ ദിനത്തിലാണ് കാണികളെ കൈയിലെടുത്ത് ചലച്ചിത്ര പിന്നണി ഗായിക മഞ്ജരിയുടെ സംഗീത നിശ അരങ്ങേറിയത്.
ജനങ്ങൾ നിറഞ്ഞ ഓഡിറ്റോറിയത്തിലേക്ക് മഞ്ജരി എത്തിയത് മുതൽ പരിപാടി അവസാനിക്കുന്നത് വരെ നിലയ്ക്കാത്ത കരഘോഷമായിരുന്നു. പരിപാടി കാണാൻ എത്തിയ ജില്ലാ കലക്‌ടർ ഡോ.ദിവ്യ എസ് അയ്യർ വേദിയിലേക്ക് എത്തി മഞ്ജരിക്കൊപ്പം ചേർന്ന് പാട്ട് പാടുകയായിരുന്നു. മഞ്ജരിയുടെ അടിച്ചു പൊളി സിനിമ പാട്ടുകൾക്ക് ഒപ്പം കാണികൾ ചുവട് വയ്ക്കുക കൂടി ചെയ്‌തപ്പോൾ ജില്ലാ സ്റ്റേഡിയത്തിലെ വൻ ജനാവലി അക്ഷരാർഥത്തിൽ ഇളകി മറിഞ്ഞു.
പത്തനംതിട്ട ജില്ലാ സ്‌റ്റേഡിയത്തിലാണ് പരിപാടി നടക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ രണ്ടാം വർഷത്തിന്‍റെ വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി ജില്ലാതലത്തിൽ പരിപാടികൾ സംഘടിപ്പിക്കപ്പെടുകയാണ്. പ്രദർശന വിപണന മേളക്കൊപ്പം കലാപരിപാടികളും അരങ്ങേറുന്നുണ്ട്.