ബ്രഹ്മപുരം പ്ലാന്‍റിന്‍റെ കരാര്‍: ദുരൂഹത അന്വേഷിക്കട്ടെയെന്ന് വൈക്കം വിശ്വൻ - കെ സുരേന്ദ്രന്‍
🎬 Watch Now: Feature Video
കോട്ടയം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റുമായി ബന്ധപ്പെട്ട കരാര്‍ മരുമകന് കിട്ടിയതില്‍ ദുരൂഹത ഉണ്ടെങ്കിൽ അന്വേഷിക്കട്ടെയെന്ന് സിപിഎം നേതാവ് വൈക്കം വിശ്വൻ. മരുമകൻ കരാര്‍ വാങ്ങിയ കാര്യങ്ങള്‍ തനിക്ക് അറിയില്ല. പ്രവര്‍ത്തനം തുടങ്ങിയപ്പോഴാണ് വിവരം അറഞ്ഞത്. പാർട്ടിയുടെ അധികാരസ്ഥാനങ്ങളിലിരുന്നപ്പോൾ ബന്ധുക്കൾക്കോ വേണ്ടപ്പെട്ടവർക്കോ വേണ്ടി സൗകര്യങ്ങൾ ഒരുക്കി നൽകിയ അനുഭവം ഇല്ല.
മാർകിസ്റ്റ് പാർട്ടിയെ താഴ്ത്തിക്കെട്ടണമെന്ന ഉദ്ദേശമാണ് ആരോപണത്തിനു പിന്നില്‍. ഒരു ടെണ്ടറുമില്ലാതെയാണ് പല കമ്പനികളും പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റുമായി ബന്ധപ്പെട്ട കരാര്‍ വൈക്കം വിശ്വന്‍റെ മരുമകനും ഉപകരാർ കോൺഗ്രസ് നേതാവ് എൻ. വേണു ഗോപാലിന്‍റെ മകനും ലഭിച്ചത് വഴിവിട്ട ഇടപാടിലൂടെയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഈ ആരോപണങ്ങളിലാണ് വൈക്കം വിശ്വൻ പ്രതികരിച്ചിരിക്കുന്നത്. അതേസമയം ബ്രഹ്മപുരം മാലിന്യ പ്ലാന്‍റില്‍ തീപിടിത്തമുണ്ടായതോടെയാണ് ഇതിനെച്ചൊല്ലി രാഷ്‌ട്രീയ ആരോപണങ്ങളും ഉടലെടുത്തത്.
സ്ഥിതി നിയന്ത്രണവിധേയമാണെന്ന് കോർപ്പറേഷൻ അറിയിച്ചുവെങ്കിലും മാലിന്യ പ്ലാന്‍റിൽ നിന്നുള്ള വിഷപ്പുക ശമനമില്ലാതെ തുടരുകയാണ്. സംഭവത്തിൽ സ്വമേധയ കേസെടുത്ത ഹൈക്കോടതി തീപിടിത്തം മനുഷ്യ നിർമിതമോ എന്ന് ചോദ്യവും ഉന്നയിച്ചിരുന്നു.