'ക്രൈസ്‌തവ വേട്ട നടത്തിയത് കമ്യൂണിസ്റ്റ് ഭരണകൂടം'; പശ്ചാത്തപിക്കേണ്ടത് മുഖ്യമന്ത്രിയും സിപിഎമ്മുമെന്ന് വി മുരളീധരൻ
🎬 Watch Now: Feature Video
എറണാകുളം: ക്രൈസ്‌തവ വേട്ടയിൽ പശ്ചാത്തപിക്കേണ്ടത് മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമാണെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പ്രധാനമന്ത്രിയുടെ ഈസ്റ്റർ ദിനത്തിലെ ക്രിസ്ത്യൻ പള്ളി സന്ദർശനം പശ്ചാത്താപത്തിനാണെങ്കിൽ നല്ലതെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെക്കുറിച്ച് കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടും ക്രൈസ്‌തവ വിശ്വാസികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് കമ്യൂണിസ്റ്റ് ഭരണകൂടങ്ങളാണ്. റഷ്യയിൽ ഓർത്തഡോക്‌സ് പുരോഹിതൻമാരെ ഉൾപ്പടെ കൊന്നൊടുക്കി. ചൈനയിൽ യേശു ക്രിസ്‌തുവിന്‍റെ പടത്തിനുപകരം ചൈനീസ് പ്രസിഡന്‍റിന്‍റെ പടംവയ്‌ക്കണമെന്ന് പറഞ്ഞത് കമ്യൂണിസ്റ്റ് പാർട്ടിയാണ്.
പിണറായി വിജയൻ ഇപ്പോൾ സ്നേഹം പ്രകടിപ്പിക്കുന്നത് പണ്ട് നടത്തിയ നികൃഷ്‌ട ജീവി പരാമർശത്തിന്‍റെ പേരിലുള്ള പശ്ചാത്താപമാണോ, പാല ബിഷപ്പിനെതിരെ എടുത്ത കേസിന്‍റെ പേരിലാണോയെന്നാണ് അദ്ദേഹം വ്യക്തമാക്കേണ്ടതെന്നും വി മുരളീധരൻ പറഞ്ഞു. ഗൃഹ സമ്പർക്ക പരിപാടികൾ സ്ഥിരമായി നടത്താറുള്ളതാണ്. താൻ ഇന്നലെ സന്ദർശനം നടത്തിയത് ഈസ്റ്റർ ആശംസ നേരാനാണ്.
താൻ കഴിഞ്ഞ വർഷവും സന്ദർശനം നടത്തിയിട്ടുണ്ട്. ക്രൈസ്‌തവ വിശ്വാസികൾ പ്രധാനമന്ത്രിയുടെ ദേവാലയ സന്ദർശനത്തിൽ സന്തോഷവാന്മാരാണ്. ഇന്ത്യയിൽ ക്രൈസ്‌തവർക്കെതിരെ ഒരു തരത്തിലുള്ള ആക്രമണവും നടക്കുന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ ഏതൊക്കെ ബിഷപ്പുമാരാണ് പ്രതികരിച്ചതെന്ന് അറിയാമെന്നും വി മുരളീധരൻ പറഞ്ഞു.
സിപിഎം അവരുടെ അഭിപ്രായം ജനങ്ങളുടെ അഭിപ്രായമായി അടിച്ചേൽപ്പിക്കുകയാണ്. മതത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ ആക്രമണങ്ങൾ നടക്കുന്നില്ലന്നും ഒറ്റപ്പെട്ട സംഭവങ്ങളാണ് നടക്കുന്നതെന്നും വി മുരളീധരൻ അവകാശപ്പെട്ടു. അതേസമയം, വിചാരധാരയിലെ ക്രൈസ്‌തവർക്കെതിരായ പരാമർശത്തിൽ മറുപടി പറയാൻ വി മുരളീധരൻ തയ്യാറായില്ല.
ഇക്കാര്യം ആവർത്തിച്ച് ചോദിച്ചുവെങ്കിലും കമ്യൂണിസ്റ്റുകാരുടെ മറ്റുരാജ്യങ്ങളിൽ നടന്ന ക്രൈസ്‌തവ വേട്ടയെക്കുറിച്ച് ആദ്യം മറുപടി പറയട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി. ക്രൈസ്‌തവ സമുദായത്തിലെ ആരും വിചാരധാരയെക്കുറിച്ച് സംശയം ഉന്നയിച്ചിട്ടില്ലന്നും വി മുരളീധരൻ പറഞ്ഞു.