Manipur violence: മണിപ്പൂരില്‍ കേന്ദ്രമന്ത്രിയുടെ വീടിന് തീയിട്ടു, കേന്ദ്ര സർക്കാർ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രി കൊച്ചിയില്‍ നിന്ന് മടങ്ങി - കേന്ദ്രമന്ത്രി രാജ്‌കുമാർ രഞ്ജൻ
🎬 Watch Now: Feature Video
എറണാകുളം: മണിപ്പൂരില്‍ കലാപകാരികൾ വീടിന് തീയിട്ടതിനെ തുടർന്ന് കേന്ദ്രമന്ത്രി ഡോ.രാജ്‌കുമാർ രഞ്ജൻ സിങ് സ്വന്തം നാട്ടിലേക്ക് മടങ്ങി. നരേന്ദ്ര മോദി സർക്കാറിന്‍റെ ഒമ്പതാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി ചാലക്കുടി മണ്ഡലം ഉൾപ്പടെയുള്ള നാല് ലോക്‌സഭ മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന ജന സമ്പർക്ക പരിപാടിയിൽ പങ്കെടുക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ഡോ.രാജ്‌കുമാർ രഞ്ജൻ സിങ് കൊച്ചിയിലെത്തിയത്. കലാപകാരികൾ വീടിന് തീയിട്ടെന്ന വാർത്ത അറിഞ്ഞയുടൻ പരിപാടി റദ്ദാക്കി മന്ത്രി സ്വന്തം നാട്ടിലേക്ക് മടങ്ങി.
മന്ത്രി മാധ്യമങ്ങളോട്: മണിപ്പൂരിൽ സമാധാനത്തിന് വേണ്ടിയാണ് ശ്രമിച്ചതെന്നും തന്‍റെ വീട് കത്തിച്ചത് നിർഭാഗ്യകരമാണെന്നും ഡോ. രാജ്‌കുമാർ രഞ്ജൻ സിങ് കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. മണിപ്പൂരിലെ കലാപം തെറ്റിദ്ധാരണ കാരണമാണ് ഉണ്ടായത്. സംഘർഷം ഒഴിവാക്കാൻ എല്ലാ ശ്രമങ്ങളും നടത്തി വരികയായിരുന്നു. രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് കലാപത്തിലേക്ക് നയിച്ചത്.
സമാധാന ശ്രമങ്ങൾക്ക് കേന്ദ്ര സർക്കാർ ആദ്യഘട്ടം മുതൽ ശ്രമം നടത്തി വരുന്നുണ്ട്. സമാധാന സേനയെ നിയോഗിച്ച് സ്ഥിതി ശാന്തമാക്കാൻ പരിശ്രമിച്ചു. ഇപ്പോൾ ഉണ്ടായത് അപ്രതീക്ഷിതമായ സംഭവങ്ങളാണ്. സ്ഥിതി ശാന്തമാക്കാൻ എല്ലാ ശ്രമങ്ങളും തുടർന്നും സർക്കാർ നടത്തും.
അതേസമയം, മണിപ്പൂരിലേത് മതപരമായ പ്രശ്‌നമല്ലെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.