Two Doctors Die After Car Plunges Into River : എറണാകുളത്ത് കാർ നിയന്ത്രണംവിട്ട് പുഴയിലേക്ക് മറിഞ്ഞു ; രണ്ട് ഡോക്‌ടർമാർക്ക് ദാരുണാന്ത്യം - കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രി
🎬 Watch Now: Feature Video
Published : Oct 1, 2023, 9:41 AM IST
|Updated : Oct 1, 2023, 12:25 PM IST
എറണാകുളം:കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് രണ്ട് ഡോക്‌ടർമാർക്ക് ദാരുണാന്ത്യം (Two Doctors Die After Car Plunges Into River). കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ആശുപത്രിയിലെ ഡോ. അജ്‌മൽ, ഡോ. അദ്വൈത് എന്നിവരാണ് മരിച്ചത് (Two died in car accident). ഞായറാഴ്‌ച പുലര്‍ച്ചെ 12.30ഓടെയാണ് ഇവർ സഞ്ചരിച്ച കാർ എറണാകുളം ഗോത്തുരുത്ത് ഭാഗത്ത് പുഴയിലേക്ക് മറിഞ്ഞത്. കാറിലുണ്ടായിരുന്ന അഞ്ച് പേരിൽ മുന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഗൂഗിൾ മാപ്പിന്‍റെ (google map) സഹായത്തോടെ സഞ്ചരിച്ച ഇവർക്ക് വഴി തെറ്റുകയായിരുന്നു. പറവൂരിൽ നിന്ന് കൊടുങ്ങല്ലൂരിലേക്ക് പോകാനുള്ള എളുപ്പവഴിയായിരുന്നു ഇവർ തെരഞ്ഞെടുത്തത്. ഇതുവഴി യാത്ര ചെയ്‌ത് പരിചയമില്ലാത്ത ഇവർ ഗൂഗിൾ മാപ്പ് അനുസരിച്ച് സഞ്ചരിക്കുകയും അപ്രതീക്ഷിതമായി പുഴവക്കിലെത്തി, മഴവെള്ളമെന്ന് കരുതി കാർ നേരെ പുഴയിലേക്ക് ഓടിക്കുകയായിരുന്നു എന്നുമാണ് രക്ഷപ്പെട്ടവരും നാട്ടുകാരും നൽകുന്ന വിവരം. സഞ്ചരിക്കേണ്ടിയിരുന്നതിന് എതിർ ദിശയിലേക്കാണ് വഴിതെറ്റി ഇവർ എത്തിയത്. ഇതേത്തുടർന്ന് ഗോത്തുരുത്തിൽ റോഡ് അവസാനിക്കുന്ന കടവിൽ എത്തുകയും നേരെ പുഴയിലേക്ക് ഓടിച്ച് പോവുകയുമായിരുന്നു. വള്ളംകളി നടക്കുന്ന ഈ ഭാഗത്ത് കൈവരികളും ഉണ്ടായിരുന്നില്ല. സംഭവ സമയം സമീപത്ത് ഉണ്ടായിരുന്ന അതിഥി തൊഴിലാളിയാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഉടൻ തന്നെ പുഴയിലേക്ക് കയർ കെട്ടിയിറങ്ങി സാഹസികമായാണ് കാറിൽ കുടുങ്ങി കിടന്ന മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. ഇതിനിടെ കാറിൽ നിന്നും പുറത്തുകടന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ടുപേരാണ് മുങ്ങി മരിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു. മുക്കാൽ മണിക്കൂറോളം തെരച്ചിൽ നടത്തിയതിന് ശേഷമാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കിട്ടിയത്. പറവൂരിൽ സുഹൃത്തിന്‍റെ വീട്ടിൽ ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഡോക്‌ടർമാർ അടങ്ങുന്ന സംഘം.