പ്രവേശനോത്സവത്തിന്‍റെ തിരക്കില്‍ കേരളം; എണ്ണത്തില്‍ കുറവെങ്കിലും കുട്ടികളെ വരവേല്‍ക്കാന്‍ കുന്നുകുഴി സര്‍ക്കാര്‍ യുപിഎസ്‌ സ്‌കൂള്‍

🎬 Watch Now: Feature Video

thumbnail

By

Published : May 31, 2023, 10:33 PM IST

തിരുവനന്തപുരം: പുത്തന്‍ ബാഗുകളും കുടകളും പുസ്‌തകങ്ങളും അതോടൊപ്പം തന്നെ നിരവധി പ്രതീക്ഷകളുമായി അക്ഷരമുറ്റത്തേയ്‌ക്ക് കടന്നുചെല്ലുവാനുള്ള തിരക്കിലാണ് വിദ്യാര്‍ഥികള്‍. കുട്ടികള്‍ക്കായി കൗതുക കാഴ്‌ചകളൊരുക്കി അധ്യാപകരും പ്രവേശനോത്സവത്തിന് തയ്യാറെടുത്തു കഴിഞ്ഞിരിക്കുകയാണ്. എന്നാല്‍, തലസ്ഥാനത്തിന്‍റെ ഹൃദയഭാഗത്തുള്ള കുന്നുകുഴി സര്‍ക്കാര്‍ യുപിഎസ്‌ സ്‌കൂള്‍ പതിവ് പോലെ തന്നെ വിദ്യാര്‍ഥികള്‍ക്കായുള്ള കാത്തിരിപ്പിലാണ്.  

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും വിദ്യാഭ്യാസത്തിന്‍റെ വെളിച്ചമെത്തിക്കാന്‍ ഏകദേശം 100 വര്‍ഷങ്ങള്‍ക്ക് മുന്‍പായി കുടിപള്ളിക്കൂടമായി ആരംഭിച്ച വിദ്യാലയമാണ് സ്വാതന്ത്ര്യാനന്തരം ഇന്നത്തെ യുപിഎസ് സ്‌കൂളായി പിന്നീട് വന്ന സര്‍ക്കാരുകള്‍ ഉയര്‍ത്തിയത്. സൗകര്യങ്ങള്‍ക്ക് യാതൊരു വിധ കുറവുകളുമില്ലെങ്കിലും ഇവിടെ എത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം വിരലില്‍ എണ്ണാവുന്നത് മാത്രം. ഒന്നാം ക്ലാസിലേക്ക് അഞ്ച് കുട്ടികള്‍ മാത്രമാണ് ഇതുവരെ ഈ പൊതു വിദ്യാലയത്തില്‍ പ്രവേശനം നേടിയിട്ടുള്ളത്.

ഒരു കുട്ടി മാത്രമാണ് ഇത്തവണ ഏഴാം ക്ലാസില്‍ നിന്നും വിജയിച്ച് ഹൈസ്‌കൂളിലേക്ക് പ്രവേശനം നേടിയിട്ടുള്ളത്. ആറാം ക്ലാസില്‍ നിന്നും ഏഴാം ക്ലാസിലേക്ക് എത്തുന്നത് രണ്ട് വിദ്യാര്‍ഥികള്‍ മാത്രം. ഏഴ് അധ്യാപകരുള്ള സ്‌കൂളില്‍ എല്‍ പി, യു പി തലത്തില്‍ നിലവില്‍ ആകെ 14 വിദ്യാര്‍ഥികളാണുള്ളത്.

പൊതു വിദ്യാലയങ്ങളിലേക്ക് കുട്ടികളുടെ പ്രവാഹമാണെന്ന സര്‍ക്കാര്‍ അവകാശവാദത്തിന് ഒരു അപവാദം കൂടിയാണ് കുന്നുകുഴി യുപി സ്‌കൂള്‍. പുതിയ അക്കാദമിക്ക് വര്‍ഷത്തില്‍ മൂന്നാം ക്ലാസിലേക്കും ആറാം ക്ലാസിലേക്കും എത്തുന്നതും ഓരോ കുട്ടികള്‍ വീതവും. നാല് കുട്ടികള്‍ ഉള്ള രണ്ടാം ക്ലാസും നാലാം ക്ലാസുമാണ് സ്‌കൂളിലെ അധിക വിദ്യാര്‍ഥികളുള്ള ക്ലാസ്.  

പ്രീ പ്രൈമറി തലത്തില്‍ 25 കുട്ടികളാണ് സ്‌കൂളിലുള്ളത്. സൗകര്യങ്ങള്‍ക്ക് ഒരു കുറവുമില്ലാഞ്ഞിട്ടും കുട്ടികളുടെ എണ്ണത്തില്‍ വര്‍ഷങ്ങളായി ഈ നില തന്നെ തുടരുകയാണ് എന്നതും അല്‍പം സങ്കടകരമായ കാഴ്‌ചയാണ്. എന്നാല്‍, ഇവിടെയാണ് കുന്നുകുഴി സര്‍ക്കാര്‍ യുപിഎസ്‌ സ്‌കൂള്‍ തികച്ചും വേറിട്ടു നില്‍ക്കുന്നത്.  

എന്നിരുന്നാലും പ്രവേശനോത്സവത്തിന്‍റെ ഒരുക്കത്തില്‍ യാതൊരു വിധ വിട്ടുവീഴ്‌ചയ്‌ക്കും അധ്യാപകര്‍ തയ്യാറല്ല. വിദ്യാര്‍ഥികളുടെ പോരായ്‌മ പ്രവേശനോത്സവത്തിന്‍റെ ഒരുക്കങ്ങളെ ബാധിച്ചിട്ടില്ല എന്നത് അത്ഭുതകരം തന്നെയാണ്. ബലൂണുകളും തോരണങ്ങളും ഒരുക്കി പുതിയ കുട്ടികളെ സ്‌കൂളിലേക്ക് വരവേല്‍ക്കുന്നതിന്‍റെ തിരക്കിലാണ് അധ്യാപകര്‍.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.