Idukki Kaliyar| വീടിന് ഭീഷണിയായി മരങ്ങള്‍; നിയമക്കുരുക്കില്‍ മുറിച്ചുമാറ്റാനാവാതെ ഇടുക്കി സ്വദേശി ദുരിതത്തില്‍
🎬 Watch Now: Feature Video
ഇടുക്കി: നിയമത്തിന്‍റെ ഊരാക്കുരുക്ക് കാരണം, വീടിന് ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ മുറിക്കാനാവാതെ വന്‍ പ്രതിസന്ധി നേരിടുകയാണ് ഇടുക്കി സ്വദേശി സിജു. എല്‍എ (ലാന്‍ഡ് അസൈന്‍മെന്‍റ് ആക്‌ട്) പ്രകാരമുള്ള പട്ടയത്തിലുള്ള ഭൂമിയിലെ തടികള്‍ സര്‍ക്കാരിന്‍റേതാണെന്നും അവ വെട്ടി വില്‍ക്കാന്‍ കഴിയില്ലെന്നുമാണ് വനംവകുപ്പിന്‍റെ നിലപാട്. കാളിയാര്‍ ഫോറസ്റ്റ് റേഞ്ച് ഓഫിസ് അധികൃതര്‍ ഇതുസംബന്ധിച്ചുള്ള നിലപാട് വ്യക്തമാക്കിയതോടെയാണ് സിജുവിന് ഇപ്പോള്‍ വിനയായി മാറിയത്.
മക്കളുടെ പഠനത്തിനും വിവാഹത്തിനുമടക്കം പ്രയോജനപ്പെടുത്താമെന്ന് കരുതി വെട്ടാതെ നിര്‍ത്തിയ മരങ്ങളൊന്നും നിലവില്‍ വെട്ടി വില്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് സിജു പറയുന്നു. മരങ്ങള്‍ വെട്ടിയാല്‍ കേസെടുക്കുമെന്ന് വനം വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. 1987ല്‍ സിജു എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂളില്‍ നിന്നും ലഭിച്ച തൈകളാണ് ഈ മരങ്ങള്‍. അതായത് 36 വര്‍ഷം പഴക്കമുള്ള മരങ്ങള്‍.
പൊങ്ങല്യം, മഹാഗണി, പ്ലാവ്, ആഞ്ഞിലി, മാവ് തുടങ്ങിയ വൃക്ഷങ്ങളുടെ തൈകളായിരുന്നു ലഭിച്ചത്. ഇവ കാളിയാറിലെ കുടുംബ വക റബ്ബര്‍ തോട്ടത്തിന്‍റെ അതിരുകളിലാണ് നട്ടത്. കാര്‍ഷിക ഉത്‌പന്നങ്ങള്‍ക്ക് വിലയില്ലാതായതോടെ കര്‍ഷകന്‍ കൂടിയായ സിജു വന്‍ സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. ഇത് കേവലം സിജുവിന്‍റെ മാത്രം പ്രശ്‌നമല്ല. വണ്ണപ്പുറം വില്ലേജിലെ നൂറുകണക്കിന് കര്‍ഷകരുടെ അവസ്ഥ സമാനമാണ്. സ്വന്തം പട്ടയ ഭൂമിയില്‍ നട്ടുപരിപാലിച്ച വൃക്ഷങ്ങള്‍ പോലും വെട്ടിവില്‍ക്കാന്‍ അവകാശമില്ലാത്ത സാഹചര്യമാണുള്ളതെന്നാണ് കര്‍ഷകര്‍ പറയുന്നത്.