Video: അധ്യാപകരുടെ ഉപദേശം പ്രചോദനമായി, പരിസര ശുചീകരണത്തിന്‍റെ 'ബാലപാഠങ്ങള്‍' പകര്‍ന്ന് തൃക്കുറ്റിശ്ശേരിയിലെ 2 കുരുന്നുകള്‍ - സ്‌നേഹ ആദിത്ത്
🎬 Watch Now: Feature Video
കോഴിക്കോട്: മാലിന്യ ശേഖരണത്തിൽ മാതൃകയായി യുപി സ്‌കൂളിൽ പഠിക്കുന്ന രണ്ട് കുട്ടികൾ. തൃക്കുറ്റിശ്ശേരി ഗവണ്‍മെന്‍റ് യു പി സ്‌കൂള്‍ വിദ്യാര്‍ഥികളായ കെ വി സ്നേഹയും (KV Sneha) കെ വി ആദിത്തുമാണ് (KV Adhith) നാടിന് മാതൃകയായത്. സ്നേഹ ഏഴാം ക്ലാസിലും ആദിത്ത് ആറാം ക്ലാസിലുമാണ് പഠിക്കുന്നത്.
മഴക്കാലം തുടങ്ങിയതോടെ മാലിന്യ പ്രശ്‌നം രൂക്ഷമായിരിക്കുകയാണ്. പ്ലാസ്റ്റിക്ക് അടക്കമുള്ള മാലിന്യങ്ങൾ ശേഖരിച്ച് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്ന അധ്യാപകരുടെ ഉപദേശമാണ് ഈ കുട്ടികൾക്ക് പ്രചോദനമായത്. മഴക്കോട്ടും ധരിച്ച് വഴിയിലുടനീളമുള്ള മാലിന്യങ്ങൾ ഇവർ ശേഖരിച്ചു.
പ്ലാസ്റ്റിക്ക് വേർതിരിച്ച് ഹരിതകർമ സേനക്കാരെ അറിയിച്ചു. സ്‌കൂൾ അവധിയുള്ള ദിവസം ഇവർ ചെയ്‌ത സത്പ്രവർത്തിക്ക് അഭിനന്ദന പ്രവാഹമായിരുന്നു. ബാലുശ്ശേരി എംഎൽഎ കെ.എം സച്ചിൻദേവ്, കോട്ടൂർ പഞ്ചായത്ത് പ്രസിഡന്‍റ് സി എച്ച് സുരേഷ് എന്നിവർ സ്‌കൂളിലെത്തി രണ്ട് പേരെയും അഭിനന്ദിച്ചു.
സഹോദരങ്ങളായ കാളിവയലിൽ രവിയുടെയും അനിലിൻ്റേയും മക്കളാണ് സ്നേഹയും ആദിത്തും. ഇരുവരും ഒരുമിച്ചാണ് സ്‌കൂളിലേക്ക് പോവുന്നത്. അധ്യാപകൻ പറഞ്ഞ കാര്യം ശിരസാവഹിച്ച ഇരുവരും മാലിന്യം ശേഖരിച്ചത് ഇത്രയും വലിയ സംഭവമാകുമെന്ന് കരുതിയിരുന്നില്ല.
എന്തായാലും തുടക്കം ഗംഭീരമായതോടെ ഈ പ്രവൃത്തി തുടരാനാണ് ഇവരുടെ തീരുമാനം. ഇനിയുള്ള എല്ലാ അവധി ദിവസങ്ങളിലും ഇവരുടെ സാന്നിധ്യം കോട്ടൂർ പഞ്ചായത്തിൻ്റെ പല ഭാഗങ്ങളിലും ഉണ്ടാകും. തങ്ങൾക്ക് മാതൃകയാകാൻ സ്‌കൂളിലെ മറ്റ് വിദ്യാർഥികൾ കൂടെ വരുമെന്ന് ഇരുവർക്കും പ്രതീക്ഷയില്ല.
എന്നാൽ ഈ പ്രവൃത്തി മറ്റാർക്കെങ്കിലും മാതൃകയാക്കാൻ തോന്നിയാൽ അത് വലിയ നേട്ടമാകും. ഒപ്പം എന്തും എവിടെയും അലക്ഷ്യമായി വലിച്ചെറിയുന്നവർക്കുള്ള താക്കീതാണ് ഈ കുട്ടികൾ. ഭാവിയുടെ വാഗ്‌ദാനങ്ങളെ കണ്ടെങ്കിലും നമ്മുടെ സമൂഹം പഠിക്കട്ടെ. എങ്ങനെ വൃത്തിയുള്ള ഒരു നാടിനെ വളർത്തിയെടുക്കാമെന്ന്.