Theft in Bus| കൊച്ചിയില്‍ സ്വകാര്യ ബസില്‍ മോഷണം; സഹയാത്രികയുടെ പേഴ്‌സ് കവര്‍ന്ന് യുവതി, ദൃശ്യങ്ങള്‍ പുറത്ത് - kerala news updates
🎬 Watch Now: Feature Video
എറണാകുളം: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന ബസില്‍ മോഷണം. യാത്രക്കാരി സഹയാത്രികയുടെ പേഴ്‌സ് മോഷ്‌ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇക്കഴിഞ്ഞ ബുധനാഴ്‌ച (ജൂലൈ 26) രാവിലെ 10 നാണ് സംഭവം. ഹൈക്കോടതി ജങ്ഷനില്‍ നിന്നും എറണാകുളം സൗത്തിലേക്കുള്ള സ്വകാര്യ ബസില്‍ യാത്ര ചെയ്‌ത യാത്രക്കാരിയുടെ പേഴ്‌സാണ് സഹയാത്രിക അതിവിദഗ്‌ധമായി തട്ടിയെടുത്തത്. എറണാകുളം സൗത്തിലെ ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തുന്നതിന് തൊട്ട് മുമ്പാണ് സംഭവം. കവര്‍ച്ചയ്‌ക്ക് ഇരയായ യുവതിയുടെ തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന യുവതി ധരിച്ച ഷാള്‍ കൊണ്ട് കൈ മറച്ച് ബാഗില്‍ കൈയിട്ട് പേഴ്‌സ് കവരുകയായിരുന്നു. എന്നാല്‍ ഇതൊന്നും അറിയാത്ത യുവതി തൊട്ടടുത്ത സ്റ്റോപ്പില്‍ ഇറങ്ങി പോയി. യുവതി ഇറങ്ങി പോയതിന് തൊട്ടുപിന്നാലെ ഒന്നും സംഭവിക്കാത്ത ഭാവത്തിൽ മോഷ്‌ടാവായ യുവതി മുന്‍ സീറ്റില്‍ പോയി ഇരുന്ന് യാത്ര തുടരുകയും ചെയ്‌തു. സഹയാത്രികയുടെ ഹാന്‍റ് ബാഗിൽ പേഴ്‌സ് ഉണ്ടെന്ന് കൃത്യമായി മനസിലാക്കിയാണ് യാത്രക്കാരി മോഷണം നടത്തിയതെന്ന് വ്യക്തമാണ്. തുറന്ന് കിടന്ന ബാഗിൽ പേഴ്‌സ് കണ്ടതായിരിക്കാം ഇവരെ മോഷണത്തിന് പ്രേരിപ്പിച്ചത്. എന്നാൽ മറ്റാരും കാണുന്നില്ലെന്ന് ഉറപ്പാക്കിയ മോഷ്‌ടാവ് ബസിനുള്ളിൽ കാമറയുണ്ടെന്ന കാര്യം അറിഞ്ഞില്ല. ബസിനുള്ളിലെ സിസിടിവിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്ത് വന്നത്. മോഷണം നടത്തിയ സ്ത്രീയുടെയും മോഷണത്തിന് ഇരയായ സ്ത്രീയുടെയും മുഖം ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. എന്നാൽ രണ്ടുപേരെയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ബുധനാഴ്‌ച നടന്ന സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പരാതി ലഭിച്ചാൽ കേസെടുത്ത് അന്വേഷണം നടത്താമെന്നാണ് പൊലീസ് നിലപാട്. എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. വില പിടിപ്പുള്ളതൊന്നും പേഴ്‌സിൽ ഇല്ലാത്തത് കൊണ്ടായിരിക്കാം പരാതികളൊന്നും ലഭിക്കാത്തതെന്ന് പൊലീസ് പറയുന്നു.