നെല്ല് സംഭരണത്തില്‍ കോടതിയില്‍ പോയി, അതിന് സപ്ളൈകോയുടെ പ്രതികാരമെന്ന് പരാതി - കർഷകൻ
🎬 Watch Now: Feature Video
കോട്ടയം: നെല്ല് സംഭരണത്തിലെ അട്ടിമറിക്കെതിരെ കോടതിയെ സമീപിച്ച കർഷകനെതിരെ സപ്ളൈകോയുടെ പ്രതികാരമെന്ന് പരാതി. കോട്ടയം ആർപ്പൂക്കര പാഴോട്ടു മേക്കരി പാടശേഖരത്തിലെ കർഷകൻ സജി എം എബ്രഹാമാണ് നെല്ല് സംഭരണം ഇടനിലക്കാരെ ഒഴിവാക്കി സപ്ലൈകോ നേരിട്ടു നടത്തണമെന്ന കോടതി വിധി നേടിയെടുത്തത്.
എന്നാൽ കോടതി വിധിയുണ്ടായിട്ടും സപ്ലൈക്കോ നെല്ലെടുക്കാതെ വന്നതോടെ സജി എം എബ്രഹാം കൊയ്തെടുത്ത നെല്ല് ഒരാഴ്‌ചയായി പാടത്ത് തന്നെ കിടക്കുകയാണ്. കഴിഞ്ഞ പുഞ്ച കൃഷിയുടെ സമയത്ത് വില കുറച്ചാണ് സപ്ലൈക്കോ നെല്ല് സ്വീകരിച്ചതെന്ന് സജി പറയുന്നു. ഇതേ തുടർന്നാണ് നെല്ല് സംഭരണത്തിൽ ഇടനിലക്കാരെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സജി ഹൈക്കോടതിയിൽ കേസ് നൽകിയത്.
അപ്രതീക്ഷിതമായ മഴ വന്നതോടെ മറ്റു കർഷകരുടെ നെല്ല് കിളിർത്തു പോയിരുന്നു. എന്നാൽ തന്‍റെ നെല്ല് സംരക്ഷിച്ചിരുന്നു എന്നും അതിനാൽ വെള്ളം വന്ന് നെല്ല് കിളിർത്തു പോയില്ല എന്നും പക്ഷേ സപ്ലൈക്കോ നെല്ല് സംഭരിച്ചപ്പോൾ തനിക്ക് എല്ലാവർക്കും കിട്ടിയ തുക മാത്രമാണ് ലഭിച്ചതെന്നും സജി പറഞ്ഞു. നെല്ലിന്‍റെ ഗുണനിലവാരം പരിശോധിച്ച് സപ്ലൈക്കോ നെല്ല് സംഭരിക്കണമെന്നും 2022 നവംബറിൽ കോടതി വിധിയുണ്ടായി.
എന്നാൽ നിലവിൽ സപ്ലൈക്കോയെ സമീപിച്ചിട്ട് ഉദ്യോഗസ്ഥർ നെല്ല് എടുക്കാൻ തയാറായില്ലെന്നും സജി പറഞ്ഞു. സപ്ലൈക്കോയുടെ പ്രതികാര നടപടി മൂലം പാടശേഖരത്തെ 120 ൽ അധികം വരുന്ന കർഷകരുടെ നെൽ സംഭരണം നടന്നിട്ടില്ലെന്നാണ് പരാതി. ഏതെങ്കിലും ഒരു കർഷകന്‍റെ നെല്ലിന്‍റെ ഗുണമേന്മ മാത്രം നോക്കി എല്ലാവരിൽ നിന്നും കിഴിവ് നിശ്ചയിക്കുന്ന ഏർപ്പാട് അവസാനിപ്പിക്കണമെന്നും കർഷകർ ആവശ്യപ്പെട്ടു.