'സാറ് പോണ്ട, ഞങ്ങള് വിടൂല്ല' ; കരഞ്ഞ് കുട്ടികൾ, ചേർത്തുപിടിച്ച് അധ്യാപകൻ ; വികാരനിർഭര യാത്രയയപ്പ്
🎬 Watch Now: Feature Video
കോഴിക്കോട് : സ്ഥലം മാറി പോകുന്ന അധ്യാപകനെ വളഞ്ഞ് കരഞ്ഞ് വിദ്യാർഥികൾ. കല്ലാച്ചി ഗവ: സ്‌കൂളിലെ യാത്രയപ്പ് ചടങ്ങ് വൈറലാവുകയാണ്. 'സാറ് പോണ്ട, ഞങ്ങള് വിടൂല്ലെ'ന്ന് കുട്ടികൾ. 'ഞാൻ നാളെ ഉറപ്പായും വരു'മെന്ന് അധ്യാപകനും. ഏഴുവർഷം ജോലി ചെയ്‌ത കല്ലാച്ചി ഗവ. യുപി സ്‌കൂളിൽ നിന്ന് വീടിനടുത്തുള്ള അരിമ്പോൽ ഗവ: യു പി സ്‌കൂളിലേക്ക് സ്ഥലം മാറി പോവുകയാണ് വേളം കാക്കുനി സ്വദേശി പി കെ കുഞ്ഞബ്‌ദുള്ള മാസ്റ്റർ. തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകൻ സ്‌കൂൾ വിട്ട് പോകുന്നത് കുട്ടികൾക്ക് സഹിക്കാനാകില്ലായിരുന്നു. സ്‌കൂളിൽ നടന്ന യാത്രയയപ്പിൽ പങ്കെടുക്കാനെത്തിയ കുഞ്ഞബ്‌ദുള്ള മാസ്റ്ററെ കുട്ടികൾ വളഞ്ഞു. നരിപ്പറ്റ എംഎൽപി സ്‌കൂളിലും പിന്നീട് വയനാട് മല്ലിശേരി ഗവ: എൽ പി സ്‌കൂളിലും ജോലി ചെയ്‌ത കുഞ്ഞബ്‌ദുള്ള മാസ്റ്റർ ആദിവാസി ഊരുകളിൽ പോയി കുട്ടികളെ സ്‌കൂളിലേക്ക് കൂട്ടിക്കൊണ്ടുവന്നിരുന്ന മികച്ച അധ്യാപകനായിരുന്നു. കഴിഞ്ഞ ഏഴ് വർഷമായി കല്ലാച്ചി ഗവ: യു പി സ്‌കൂളിൽ മലയാളം അധ്യാപകനായ ഇദ്ദേഹം സ്‌കൂളിലെ സ്റ്റാഫ് സെക്രട്ടറിയുമായിരുന്നു. കുട്ടികളുമായും രക്ഷിതാക്കളുമായും അടുത്തബന്ധം പുലർത്തുന്ന ഇദ്ദേഹം വിദ്യാലയത്തിന്‍റെ പുരോഗതിയിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വികാര നിർഭരമായ വിടപറയൽ സഹ അധ്യാപകരും പിടിഎ ഭാരവാഹികളും ഏറെ വേദനയോടെയാണ് കണ്ടുനിന്നത്. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈറിന്‍റെ നേതൃത്വത്തിലായിരുന്നു കുഞ്ഞബ്‌ദുള്ള മാസ്റ്റർക്ക് യാത്രയയപ്പ്.