കോട്ടയത്ത് വിദ്യാർത്ഥിനിയെ കൈത്തോട്ടിൽ വീണ് കാണാതായി; തെരച്ചിൽ തുടരുന്നു - വിദ്യാർത്ഥിനി കൈത്തോട്ടിൽ വീണു
🎬 Watch Now: Feature Video
Published : Nov 22, 2023, 9:34 PM IST
കോട്ടയം: പാലായിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ കൈത്തോട്ടിൽ വീണ് കാണാതായി. പാലാ ഈരാറ്റുപേട്ട റോഡിൽ ഇടപ്പാടിക്ക് സമീപമാണ് അപകടം. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്‍റെ മകൾ മരിയയെയാണ് കാണാതായത് (student who fell into ditch and missing in kottaym). ഇന്ന് വൈകുന്നേരം പെയ്‌ത കനത്ത മഴയ്ക്ക് പിന്നാലെയാണ് പെൺകുട്ടി ഇടപ്പാടി അയ്യമ്പാറ കുന്നേമുറി തോട്ടിൽ പെൺകുട്ടി വീണത്. പാലാ ഫയർഫോഴ്‌സും, പൊലീസും ഈരാറ്റുപേട്ടയിലെ നന്മ സന്നദ്ധ പ്രവർത്തകരും ചേർന്നുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ഇരുട്ട് ആയതിനാൽ രക്ഷാപ്രവർത്തനവും അതീവ ദുഷ്‌കരമാണ്. അതേസമയം കഴിഞ്ഞ മാസം കുമരകത്ത് ബോട്ട് വള്ളത്തിലിടിച്ചുണ്ടായ അപകടത്തിൽ അനശ്വര എന്ന കുട്ടിയെ കാണാതായിരുന്നു. പിന്നീട് കുമരകം പെണ്ണാർ തോട്ടിൽ അപകട സ്ഥലത്തിനു അൽപം മാറി മൃതദേഹം കണ്ടെത്തുകയായിരുന്നു. കുടവെച്ചൂർ സെന്‍റ് മൈക്കിൾ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അനശ്വര. പെണ്ണാർ തോട്ടിൽ സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടമുണ്ടായതിനെ തുടർന്ന് വിദ്യാർഥിനി മരിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ല കലക്‌ടർ വി. വിഗ്‌നേശ്വരി ഉത്തരവിട്ടിരുന്നു.