എംവി ഗോവിന്ദൻ മൃഗശാലയെക്കുറിച്ച് പ്രസംഗിക്കുന്നതിനിടെ പാമ്പെന്ന് മുറവിളി, പരക്കംപാച്ചില്‍ ; ഇഴജന്തുവിനെതിരെ കേസെടുക്കരുതെന്ന് ട്രോളൻമാർ - Snake on stage during MV Govindans speech
🎬 Watch Now: Feature Video
കണ്ണൂർ : സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസംഗത്തിനിടെ സദസിൽ ഇഴജന്തു. പാമ്പെന്നുപറഞ്ഞ് ആളുകള്‍ മുറവിളി കൂട്ടി പരക്കംപാഞ്ഞതോടെ ആശങ്കപരന്നു. കരിമ്പത്തെ കില ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന രാജ്യാന്തര നേതൃത്വ പഠന കേന്ദ്രത്തിന്‍റെ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. ഇതിനിടെ സദസിൽ സ്ത്രീകള്‍ ഇരുന്നിരുന്ന ഭാഗത്ത് ഇഴജന്തുവിനെ കണ്ടു. ഇതോടെ പരിഭ്രാന്തരായ ആളുകള്‍ ചിതറിയോടി. പലരും കസേരയിൽ നിന്ന് മറിഞ്ഞുവീണു. സ്ഥലം എംഎൽഎ കൂടിയായ എം വി ഗോവിന്ദൻ നാടുകാണിയിലെ പുതിയ മൃഗശാലയെ കുറിച്ച് പറയുന്നതിനിടെയായിരുന്നു നാടകീയ സംഭവങ്ങളെന്നതാണ് കൗതുകകരം. ഒടുവിൽ അത് സദസിന് പുറത്തേക്ക് ഇഴഞ്ഞ് നീങ്ങിയപ്പോഴാണ് രംഗം ശാന്തമായത്. ശേഷം പാമ്പിനെക്കുറിച്ച് പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ തുടർ പ്രസംഗം. എന്നാല്‍ പാമ്പല്ല ചേരയാണ് വേദിയുടെ പരിസരത്ത് എത്തിയതെന്ന് പിന്നീട് കണ്ടെത്തി. എന്നാൽ സംഭവത്തെ ട്രോളര്‍മാര്‍ വെറുതെ വിട്ടില്ല. മൈക്ക് കേസ് ഓര്‍മിപ്പിച്ചായിരുന്നു പരിഹാസം. മൈക്ക് പണിമുടക്കിയതിന് കേസെടുത്തതുപോലെ ഇഴജന്തുവിനെതിരെ എഫ്ഐആറുണ്ടാകുമോയെന്നായിരുന്നു ചോദ്യം. ചേര എത്തിയതിനെക്കുറിച്ചുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.