Snake|'വെള്ളക്കെട്ടില്‍ വീട്ടിനകത്ത് പാമ്പ്'; പാമ്പിനെ പിടിച്ച് കോർപ്പറേഷൻ ഓഫിസില്‍ എത്തിച്ച് വീട്ടുടമ - സഹായം തേടിയിട്ടും ലഭിച്ചില്ല
🎬 Watch Now: Feature Video
ഹൈദരാബാദ്: കഴിഞ്ഞ ഏതാനും ദിവസമായി തെലങ്കാനയില്‍ മഴ തുടരുകയാണ്. നിര്‍ത്താതെ തുടരുന്ന മഴയില്‍ നഗരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ദുരിതത്തിലായി. ഹൈദരാബാദ് നഗരത്തില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതില്‍ ഏറെ ആശങ്കയിലാണ് ജനങ്ങള്‍. വെള്ളത്തിലൂടെ വിഷ പാമ്പുകള്‍ അടക്കം എത്തി തുടങ്ങിയത് ജനങ്ങളില്‍ ആശങ്ക ഉയര്‍ത്തി. സെക്കന്തരാബാദിലെ അല്‍വാലില്‍ വെള്ളക്കെട്ടിലൂടെ എത്തിയ വിഷപാമ്പ് വീടിനുള്ളില്‍ പ്രവേശിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ട വീട്ടുടമ പാമ്പിനെ പിടികൂടാന്‍ ജിഎച്ച്എംസിയുടെ (ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ) സഹായം തേടി. എന്നാല്‍ സഹായം അഭ്യാര്‍ഥിച്ച് ഏറെ നേരം പിന്നിട്ടിട്ടും പാമ്പിനെ പിടികൂടാന്‍ അധികൃതര്‍ മുന്‍കൈയെടുത്തില്ല. ഇതോടെ വീട്ടുടമ തന്നെ പാമ്പിനെ പിടികൂടി ജിഎച്ച്എംസി ഓഫിസിലെ മേശ പുറത്ത് കൊണ്ട് വിട്ടു. ജിഎച്ച്എംസി ഓഫിസിലെ മേശ പുറത്ത് വിട്ട പാമ്പ് ഇഴഞ്ഞ് നീങ്ങുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഉത്തരാഖണ്ഡിലും അടുത്തിടെ സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കനത്ത മഴയിലുണ്ടാകുന്ന വെള്ളക്കെട്ടിലൂടെ വിഷപാമ്പുകളെത്തുന്നതില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണം.