കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം 6 ലക്ഷം അടങ്ങിയ ബാഗ് കവര്‍ന്നു; മോഷ്‌ടാവിനെ തേടി പൊലീസ് - മൈസൂരു
🎬 Watch Now: Feature Video
മൈസൂരു: ബാങ്കില്‍ പണം അടയ്‌ക്കാനെത്തിയ സ്വകാര്യ കമ്പനിയിലെ ജീവനക്കാരന്‍റെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് മോഷ്‌ടാവ് കടന്നുകളഞ്ഞു. നഗരത്തിലെ ഹെബാല്‍ ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലായിരുന്നു സംഭവം. ബാങ്കിന്‍റെ മുന്‍വശത്ത് തന്നെയായിരുന്നു കവര്‍ച്ച നടന്നത്.
പ്രദേശത്തെ സ്വകാര്യ കമ്പനിയില്‍ ബില്ല് ശേഖരിക്കുന്ന തുളസിദാസിന്‍റെ കയ്യില്‍ നിന്നുമാണ് പണമടങ്ങിയ ബാഗ് മോഷണം പോയത്. എല്ലാ ദിവസവും രാവിലെ കമ്പനിയുടെ പണം അടങ്ങിയ ബാഗുമായി ഇയാള്‍ ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ എത്തുമായിരുന്നു. പതിവുപോലെ വ്യാഴാഴ്‌ച(27.07.2023) ഇയാള്‍ പണം നിക്ഷേപിക്കാന്‍ എത്തിയപ്പോഴായിരുന്നു മോഷ്‌ടാവ്, തുളസിദാസിന്‍റെ കണ്ണില്‍ മുളകുപൊടി വിതറിയ ശേഷം ബാഗുമായി കടന്നു കളഞ്ഞത്.
ആറ് ലക്ഷം രൂപയും ചെക്ക് ബുക്കും ബാഗിനുള്ളില്‍ ഉണ്ടായിരുന്നു. ഒടുവില്‍ ബൈക്കുമായി കാത്തുനിന്ന കൂട്ടാളിയോടൊപ്പമാണ് മോഷ്‌ടാവ് കടന്നു കളഞ്ഞത്. എല്ലാ ദിവസവും തുളസിദാസ് പണവുമായി ബാങ്കില്‍ എത്തുന്നത് ശ്രദ്ധയില്‍പ്പെട്ട ആരോ ആണ് കവര്‍ച്ച നടത്തിയതെന്ന് ഡിസിപി മുത്തുരാജ് ഇടിവി ഭാരതിനോട് പറഞ്ഞു. ഹെബാല്‍ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. പ്രതിയെ പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നും പൊലീസ് അറിയിച്ചു.