Shivrajkumar Remembers Puneeth: 'അടുത്ത സുഹൃത്ത്, വലിയ ആരാധകനും വിമർശകനും'; സഹോദരന്‍റെ ഓര്‍മകള്‍ പങ്കുവച്ച് ശിവരാജ് കുമാർ - കന്നട സൂപ്പര്‍ താരങ്ങള്‍
🎬 Watch Now: Feature Video
Published : Oct 17, 2023, 10:44 PM IST
എറണാകുളം: അന്തരിച്ച കന്നട സൂപ്പർതാരം പുനീത് രാജ്‌കുമാറിന്‍റെ ഓർമകളിലൂടെ സഞ്ചരിച്ച് ജ്യേഷ്‌ഠനും സൂപ്പർതാരവുമായ ഡോ.ശിവരാജ് കുമാർ (Shivrajkumar Remembers Puneeth). ശിവരാജ് കുമാറിന്‍റെ ഏറ്റവും പുതിയ ചിത്രം ഗോസ്‌റ്റിന്‍റെ പ്രൊമോഷന്‍ ചടങ്ങുകൾക്കിടയിലായിരുന്നു അനുജനെ പറ്റി അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. പുനീത് രാജ്‌കുമാറിന്‍റെ മരണം തനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സംഭവമായിരുന്നില്ല. അങ്ങനെ ഒരാൾ ജീവിതത്തിൽ നിന്ന് അകന്നുപോയി എന്ന് വിശ്വസിക്കാനുമാകുന്നില്ല. എന്നെക്കാൾ 12-13 വയസ് ചെറുപ്പമാണ് പുനീതിന്. എന്‍റെ മനസിനേറ്റ ആഘാതം പ്രകടിപ്പിക്കുവാൻ സാധിക്കുന്ന ഒന്നല്ല. പുനീതിന്‍റെ സമാധിയിലേക്ക് ഞാൻ ഒരിക്കലും പോകാറില്ല. അവിടെ പൂജ ചടങ്ങുകൾ നടത്താറില്ല. അത്തരം രീതികളോടൊന്നും വിശ്വാസമുള്ള വ്യക്തിയല്ല താനെന്നും മരിച്ചുവെന്ന് തനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞാൽ മാത്രമേ അങ്ങനെയൊക്കെ ചിന്തിക്കുന്നതിലും ചെയ്യുന്നതിലും അർത്ഥമുള്ളൂവെന്നും ശിവരാജ് കുമാർ പറഞ്ഞു. ഞാനും പുനീതും തമ്മിൽ സഹോദരങ്ങളെപ്പോലെയല്ല ഇടപഴകിയിരുന്നത്. എന്‍റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു പുനീത്. എന്‍റെ ഏറ്റവും വലിയ ആരാധകനും വിമർശകനും അയാളായിരുന്നു. എന്‍റെ ഒരു ചിത്രം പുറത്തിറങ്ങിയാൽ പുനീതിന് കാണാൻ സാധിച്ചില്ലെങ്കിലും ചിത്രത്തെക്കുറിച്ച് അന്വേഷിച്ച് തന്നോട് സംവദിക്കുമായിരുന്നുവെന്നും ഇരുവർക്കും ആക്ഷൻ ചിത്രങ്ങൾ ചെയ്യാൻ വല്ലാതെ അഭിനിവേശമുണ്ടായിരുന്നുവെന്നും ശിവരാജ് മനസുതുറന്നു. ജയിലറും ഗോസ്‌റ്റും പുനീതിന് കാണാനായില്ലല്ലോ എന്ന ഹൃദയവേദന ഇപ്പോഴുമുണ്ട്. ഇരുചിത്രങ്ങളും അദ്ദേഹം കണ്ടിരുന്നെങ്കിൽ എന്ത് മറുപടി പറയുമെന്നും ഏതു രീതിയിൽ പ്രശംസിക്കുമെന്നും എനിക്ക് ധാരണയുണ്ട്. കൂടുതൽ മുറിപ്പെടുത്തുന്ന ഓർമകളിലേക്ക് പോകാൻ താല്‍പര്യപ്പെടുന്നില്ലെന്നും ശിവരാജ് കുമാർ പറഞ്ഞുനിർത്തി.