യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ച്: പ്രതിഷേധം ശക്തം - യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണം
🎬 Watch Now: Feature Video
Published : Dec 20, 2023, 5:05 PM IST
|Updated : Dec 20, 2023, 6:58 PM IST
തിരുവനന്തപുരം:നവകേരള സദസിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ സംഘര്‍ഷം. നഗരത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ പൊലീസും പ്രവർത്തകരും തമ്മിൽ തെരുവ് യുദ്ധമാണ് നടന്നത്. പൊലീസുകാർക്ക് നേരെ വടികളും കല്ലുകളും എറിഞ്ഞതോടെ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് മർദ്ദിച്ചു. പൊലീസ് വാഹനങ്ങളുടെ ചില്ല് തകർക്കുകയും ഷീൽഡ് നശിപ്പിക്കുകയും ചെയ്‌തു. മാർച്ച് ഉദ്ഘാടനം ചെയ്‌ത് വി ഡി സതീശൻ മടങ്ങിയപ്പോഴാണ് പ്രവർത്തകർ പൊലീസിനെ ആക്രമിച്ചത്. ഇതോടെ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതെ ഇവർ പൊലീസിന് നേരെ തിരിഞ്ഞു. തുടർന്ന് പൊലീസ് ലാത്തി വീശി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിന് ലാത്തി കൊണ്ട് തലക്ക് അടിയേറ്റു. സംസ്ഥാന വൈസ് പ്രസിഡന്‍റ് എബിൻ വർക്കി അടക്കമുള്ളവർക്കും മാധ്യമപ്രവർത്തകർക്കും പൊലീസുകാർക്കും പരിക്കേറ്റു. പൊലീസ് വനിതാ പ്രവർത്തകരുടെ വസ്ത്രം വലിച്ചുകീറിയെന്ന് വി ഡി സതീശൻ ആരോപിച്ചു. സെക്രട്ടേറിയറ്റിന് എതിർവശം സ്വകാര്യ കെട്ടിടത്തിന്‍റെ അകത്തു കയറിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് വീണ്ടും സംഘർഷത്തിനിടയാക്കി. വി ഡി സതീശൻ അടക്കമുള്ള മുതിർന്ന നേതാക്കൾ സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. വനിതാ പ്രവർത്തകരെ വി ഡി സതീശൻ വാഹനത്തിൽ സ്ഥലത്ത് നിന്ന് മാറ്റി. കണ്ടോൺമെന്‍റ് എസ് ഐ ദിൽജിത്ത് അടക്കമുള്ള പൊലീസുകാർക്കും പരിക്കേറ്റു. രാഹുൽ മാങ്കൂട്ടത്തിനെ അറസ്റ്റ് ചെയ്‌ത് നീക്കാൻ പൊലീസ് ശ്രമം നടത്തിയെങ്കിലും പ്രവർത്തകർ തടഞ്ഞു. തുടർന്ന് പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്‌സും നശിപ്പിച്ചു. പോലീസിന്‍റെ കയ്യിൽ നിന്നും ലാത്തി പിടിച്ചു വാങ്ങി തിരിച്ചു തല്ലി. വനിതാ പ്രവർത്തകരെ പുരുഷ പോലീസുകാർ മർദ്ദിച്ചുവെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. തുടർന്ന് പ്രവർത്തകർ പ്രകടനമായി ഡിസിസി ഓഫീസിലേക്ക് പോയി. ഡിസിസി ഓഫീസിൽ കയറിയും പ്രവർത്തകരെ പിടികൂടാനുള്ള ശ്രമവും പോലീസ് നടത്തിയെന്നും ആരോപണമുണ്ട്.