ബഫര്‍സോണ്‍: സമ്പൂര്‍ണ വിലക്കിനൊപ്പം നീങ്ങിയത് ഇടുക്കിയുടെ ആശങ്ക; നിയന്ത്രണം വന്‍കിട നിര്‍മാണങ്ങള്‍ക്ക് മാത്രം - news updates in kerala

🎬 Watch Now: Feature Video

thumbnail

By

Published : Apr 26, 2023, 5:45 PM IST

ഇടുക്കി: സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ ബഫർ സോണിലെ നിയന്ത്രണങ്ങളിൽ സുപ്രീംകോടതി ഇളവ് പ്രഖ്യാപിച്ച ആശ്വാസത്തിലാണ് ഇടുക്കി നിവാസികള്‍. സംരക്ഷിത വനമേഖലയ്‌ക്ക് ചുറ്റും നിയന്ത്രണങ്ങൾ വന്നതോടെ പല തരത്തിലുള്ള സമരങ്ങൾക്കാണ് ഇടുക്കി വേദിയായത്. വീട് നിര്‍മിക്കുന്നതും കൃഷി ചെയ്യുന്നതിനുമെല്ലാം നിയന്ത്രണം വരുമെന്ന ആശങ്കയിലായിരുന്നു കര്‍ഷകര്‍ അടക്കമുള്ള ജനങ്ങള്‍. 

സംരക്ഷിത കേന്ദ്രങ്ങൾക്ക് ചുറ്റുമുള്ള ഇരുപതോളം പഞ്ചായത്തുകളിലെ ആളുകളാണ് ഇതോടെ പ്രതിസന്ധിയിലായിരുന്നത്.  സർക്കാർ ഇടപെട്ട് ബഫർസോണിലെ താമസക്കാരെ കുറിച്ചും സ്ഥാപനങ്ങളെ സംബന്ധിച്ചും വിവരങ്ങൾ ശേഖരിച്ച് കൈമാറിയതോടെ ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകരും ഭൂവുടമകളും. പ്രതീക്ഷിച്ചത് പോലെ ഇളവ് ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ്‌ ജില്ലയിലെ കർഷകരും ജനപ്രതിനിധികളും.

വൻകിട നിർമാണങ്ങൾക്ക്  മാത്രമാണ് നിയന്ത്രണമെന്നത് വലിയ ആശ്വാസമാണ്. ബഫർ സോണില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളിലെ ഭൂമി കൈമാറ്റമടക്കം സംസ്ഥാനത്ത് നിലച്ചിരുന്നു. ഇതിലെല്ലാം അനുകൂലമായ സാഹചര്യമുണ്ടാകുമെന്ന ആശ്വസത്തിലാണ് മലയോര ജനത. അതേസമയം കർശന നിയന്ത്രണങ്ങളോടെ ക്വാറികൾ അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

ആശങ്കയായ ബഫര്‍ സോണില്‍ ആശ്വാസ ഉത്തരവുമായി സുപ്രീംകോടതി:  വന്യ ജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യോനങ്ങള്‍ക്കും ചുറ്റുമുള്ള സംരക്ഷിത വനമേഖലയെ ബഫര്‍ സോണായി പ്രഖ്യാപിക്കുന്ന വിഷയത്തില്‍ ഇന്നാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മേഖലകളില്‍ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ നീക്കിയെങ്കിലും ഖനനം ഉള്‍പ്പെടെയുള്ള വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിലക്ക് നിലനില്‍ക്കുന്നുണ്ട്. സംസ്ഥാനത്തെ 23 സംരക്ഷിത മേഖലകള്‍ക്കാണ് സുപ്രീംകോടതിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് ഇളവ് ലഭിക്കുക. 

കേന്ദ്ര സര്‍ക്കാറിന്‍റെ ആവശ്യം പരിഗണിച്ചാണ് സുപ്രീംകോടതി ഉത്തരവില്‍ ഭേദഗതി വരുത്തിയത്. ജസ്റ്റിസ് ബി.ആര്‍ ഗവായി അടക്കമുള്ള ബെഞ്ചാണ് ഉത്തരവ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തിന്‍റെ അതിര്‍ത്തി മേഖലകളിലുള്ള ഇത്തരം സംരക്ഷിത വനമേഖലകള്‍ക്കുള്ള ഇത്തരം നിയന്ത്രണങ്ങള്‍ക്കും കോടതി ഇളവ് അനുവദിച്ചിട്ടുണ്ട്. സുപ്രീംകോടതിയുടെ വനം പരിസ്ഥിതി ബെഞ്ചുമായി ബന്ധപ്പെട്ട കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് ബഫര്‍ സോണ്‍ മേഖലയിലെ സമ്പൂര്‍ണ വിലക്കില്‍ കോടതി ഇളവ് പ്രഖ്യാപിച്ചത്.  

കഴിഞ്ഞ ജൂണിലാണ് സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണായി സുപ്രീംകോടതി ഉത്തരവ് പ്രഖ്യാപിച്ചത്. ഈ മേഖലയിലെ കൃഷി ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെതിരെ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ കര്‍ഷകര്‍ അടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ പുറത്ത് വിട്ട ഭൂപടത്തെ തുടര്‍ന്നും നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇടുക്കി ജില്ലയിലെ പമ്പാവാലി, എയ്‌ഞ്ചല്‍വാലി എന്നിവിടങ്ങളെല്ലാം സമ്പൂര്‍ണമായും ബഫര്‍സോണില്‍ ഉള്‍പ്പെടുത്തിയ തരത്തിലുള്ള ഭൂപടമാണ് സര്‍ക്കാര്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നത്. ഇതിനെതിരെയും പ്രതിഷേധം ഇരമ്പിയിരുന്നു.  

ബഫര്‍ സോണ്‍ തീരുമാനം നേരത്തെയും: 2019 ല്‍ സംസ്ഥാനത്തെ ഉദ്യോനങ്ങള്‍ക്ക് ചുറ്റും ബഫര്‍ സോണായി പ്രഖ്യാപിക്കണമെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നെങ്കിലും വിവിധയിടങ്ങളില്‍ നിന്ന് പ്രതിഷേധങ്ങളും വിവാദങ്ങളും ഉയര്‍ന്നതോടെ തീരുമാനം മാറ്റി വയ്‌ക്കുകയായിരുന്നു. 

also read: ആ ചിരിയും മാഞ്ഞു, മാമുക്കോയ അന്തരിച്ചു: നഷ്‌ടമായത് സൗഹൃദവും സ്നേഹവും സമ്മാനിച്ച നടനും മനുഷ്യനും

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.