കൗതുകമായി കൊച്ചിയിലെ ചാള ചാകര; നീന്തിതുടിച്ച് കരക്കടിഞ്ഞു; പിടയ്‌ക്കുന്ന മീനുകളെ വാരിക്കൂട്ടി കാഴ്‌ചക്കാര്‍ - Fort Kochi and Vypin
🎬 Watch Now: Feature Video
എറണാകുളം: കൊച്ചിയില്‍ പ്രധാന ചര്‍ച്ച വിഷയമാണിപ്പോള്‍ ചാള ചാകര. കഴിഞ്ഞ ദിവസം വൈപ്പിനിലും ഫോര്‍ട്ട് കൊച്ചിയിലുമാണ് അപ്രതീക്ഷിതമായി ചാള ചാകരയെത്തിയത്. പുതു തലമുറയ്ക്ക് ഇത്തരമൊരു ചാകര കാഴ്‌ച പുതിയൊരു അനുഭവമായിരുന്നു. കൊച്ചിയില്‍ ആദ്യമായാണ് ഇത്തരമൊരു ചാളചാകരയെത്തുന്നതെന്ന് മുതിർന്നവര്‍ പറയുന്നു.
തിരമാലയ്‌ക്കൊപ്പം കരയിലേക്കെത്തുന്ന ചാളയെ ജീവനോടെ പിടികൂടി വീട്ടിലെത്തിച്ച് കറിവച്ച് കഴിക്കാനുള്ള തിരക്കായിരുന്നു നാട്ടുകാർക്കും. ഒരാഴ്‌ചക്കിടെ ഇത് മൂന്നാം തവണയാണ് ഫോര്‍ട്ട് കൊച്ചി കടല്‍ തീരത്ത് ചാളകള്‍ തിരക്കൊപ്പം തീരത്തെത്തുന്നത്. ഫോര്‍ട്ട് കൊച്ചിയില്‍ മാത്രമല്ല വൈപ്പിന്‍ റോറോ ജങ്കാര്‍ ജെട്ടിക്കടുത്തും ചാള ചാകരയെത്തിയിരുന്നു.
കൂട്ടത്തോടെ ചാളകൾ തീരത്തേക്ക് അടുത്തത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ ആവേശകരമായ കാഴ്‌ചയാണ് സമ്മാനിച്ചത്. ചാകര കാണാന്‍ തീരത്തെത്തിയവര്‍ കൈ നിറയെ ചാളയുമായാണ് വീട്ടിലേക്ക് മടങ്ങിയത്. ഫോര്‍ട്ട് കൊച്ചിയിലെത്തിയ വിനോദ സഞ്ചാരികള്‍ക്കും മനോഹരമായ കാഴ്‌ചയാണ് ചാകര ഒരുക്കിയത്.
ചാകരയ്‌ക്ക് കാരണം അപ് വെല്ലിങ് പ്രതിഭാസം: മത്സ്യങ്ങള്‍ കടലിന്‍റെ ഉപരിതലത്തിലെത്താനുള്ള പ്രധാന കാരണം അപ് വെല്ലിങ് എന്ന പ്രതിഭാസമാണെന്നാണ് വിദഗ്‌ധര്‍ നല്‍കുന്ന വിശദീകരണം. കടലിന്‍റെ അടിത്തട്ടിലെ വെള്ളം കടലിന്‍റെ ഉപരിതലത്തിലെത്തുന്ന പ്രതിഭാസമാണിത്. അടിത്തട്ടില്‍ നിന്നുള്ള ഈ ജലത്തിനൊപ്പം താഴെ തട്ടില്‍ നിന്നുള്ള മത്സ്യവും ഉപരിതലത്തിലെത്തുന്നു.
കടലിന്‍റെ അടിത്തട്ടില്‍ നിന്നുയര്‍ന്ന് വരുന്ന ജലത്തില്‍ അടങ്ങിയിട്ടുള്ള ഭക്ഷ്യ വസ്‌തുക്കള്‍ കഴിക്കാനാണ് ഇവ വെള്ളത്തിനൊപ്പം ഉയര്‍ന്ന് വരുന്നത്. കേരളത്തില്‍ ചില സമയങ്ങളില്‍ ചാള യഥേഷ്‌ടം ലഭിച്ച് കൊണ്ടിരുന്നതും ഈ അപ് വെല്ലിങ് എന്ന പ്രതിഭാസം കാരണമാണ്. എന്നാല്‍ അടുത്തിടെയുണ്ടായ കാലാവസ്ഥ വ്യതിയാനവും പ്രജനന സമയത്തെ നിരോധനവും കേരളത്തിലെ ചാള ലഭ്യത കുറയാന്‍ കാരണമായിരുന്നു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്‌ത ചാളകളാണ് കേരളത്തില്‍ അടുത്തിടെ എത്തികൊണ്ടിരുന്നവയിലേറെയും. അപ് വെല്ലിങ് പ്രതിഭാസം മത്സ്യ മേഖലയ്ക്ക് കൂടുതല്‍ ഉണർവ് പകരുമെന്നാണ് മത്സ്യ മേഖലയിലുള്ളവരും വ്യക്തമാക്കുന്നത്. വരും ദിവസങ്ങളിലും ചാള ചാകരയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
also read: കോട്ടയത്ത് സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി; മുന്‍ സുഹൃത്തിനെതിരെ കേസ്