Video | 'എസ്‌ഡിപിഐയുടെ ബിജെപി അനുകൂല നിലപാട് ചൂണ്ടിക്കാട്ടിയതാണ്'; വിവാദ വീഡിയോയിൽ വിശദീകരണവുമായി രാജ്മോഹൻ ഉണ്ണിത്താൻ
🎬 Watch Now: Feature Video
കാസർകോട്: വിവാദ വീഡിയോയിൽ വിശദീകരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. എസ്‌ഡിപിഐയുടെ ബിജെപി അനുകൂല നിലപാട് ചൂണ്ടിക്കാട്ടുകയാണ് താന്‍ ചെയ്‌തത്. വീഡിയോയുടെ ചെറിയ ഭാഗം മാത്രമാണ് ബിജെപി പ്രചരിപ്പിക്കുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
ഹൈന്ദവ വികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം നടക്കില്ല. മുസ്‌ലിം മതവിശ്വാസികൾ പരസ്‌പരം മത്സരിച്ച് ആർഎസ്എസിനെ വിജയിപ്പിക്കരുതെന്ന് എസ്‌ഡിപിഐ പ്രവർത്തകരോട് പറയുന്ന വീഡിയോയാണ് ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും എംപി പറഞ്ഞു. കോൺഗ്രസ് – എസ്‌ഡിപിഐ കൂട്ടുകെട്ട് എന്ന ആരോപണവുമായാണ് കർണാടക ബിജെപി രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എസ്‌ഡിപിഐ പ്രവർത്തകനുമായി ഉണ്ണിത്താൻ സംസാരിക്കുന്നതാണ് വിവാദ വീഡിയോയിൽ ഉള്ളത്.
ALSO READ | കാഞ്ഞങ്ങാട്-കാണിയൂര്‍ റെയിൽ പാത : ഉത്തര മലബാറുകാരുടെ സ്വപ്‌ന പദ്ധതി പാതിവഴിയിൽ
മുസ്‌ലിങ്ങൾ മുസ്‌ലിങ്ങൾക്കെതിരെ മത്സരിച്ച് ആർഎസ്എസിനെ വിജയിപ്പിക്കരുതെന്ന് ഉണ്ണിത്താൻ എസ്‌ഡിപിഐ പ്രവർത്തകനോട് പറയുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. കര്‍ണാടക ബിജെപി എംപി തേജസ്വി സൂര്യ ഉൾപ്പെടെയുള്ളവർ വീഡിയോ പങ്കുവച്ച് ആരോപണവുമായി രംഗത്തെത്തിയിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താൻ എംപിക്കെതിരെ ബിജെപി മുന്‍ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയിട്ടുണ്ട്.