ശബരിമലയെ കണ്ണീരിലാഴ്‌ത്തിയ പുല്ലുമേട് ദുരന്തത്തിന് 13 വയസ്
🎬 Watch Now: Feature Video
Published : Jan 13, 2024, 10:55 PM IST
പത്തനംതിട്ട : ശബരിമല തീര്‍ത്ഥാടനത്തെ കണ്ണീരിലാഴ്‌ത്തിയ പുല്ലുമേട് ദുരന്തത്തിന് 13 വയസ്. (13 Years of Pullumedu Tragedy Sabarimala ) വർഷം മുൻപ് 2011 ജനുവരി 14ന് രാത്രി ഏഴരയോടെ മകരജ്യോതി ദര്‍ശിച്ച് മടങ്ങിയവരാണ് പുല്ലുമേട് ഉപ്പുപാറയിൽ അപകടത്തില്‍പ്പെട്ടത്. വാഹനങ്ങൾ പ്രവേശിക്കാതിരിക്കാന്‍ പുല്ലുമേട്ടിലെ കുന്നിന്‍ചരുവില്‍ പൊലീസ് കെട്ടിയ ചങ്ങലയില്‍ തട്ടി തീര്‍ത്ഥാടകര്‍ മറഞ്ഞു വീണു. തിക്കിലും തിരക്കിലും പെട്ടും മറ്റുള്ളവരുടെ ചവിട്ടേറ്റുമാണ് ഏറെപ്പേരും മരിച്ചത്. മൂന്ന് ലക്ഷത്തിലേറെ പേരാണ് അന്ന് പുല്ലുമേട്ടിൽ എത്തിയതെന്നാണ് കണക്കുകള്‍. വെളിച്ചക്കുറവും അശാസ്ത്രീയ പാര്‍ക്കിങ്ങും പൊലീസുകാരുടെ എണ്ണത്തിലുണ്ടായ കുറവുമാണ് ദുരന്തത്തിന്‍റെ ആഴം കൂട്ടിയത്. മരിച്ചവരെല്ലാം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ തീർത്ഥാടകരായിരുന്നു. ദുർഘടമായ വനപാത ആയതിനാൽ മണിക്കൂറുകൾ വൈകിയാണ് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞത്. ആദ്യം കുമളി പൊലീസും പിന്നീട് കോട്ടയം ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചു. ദുരന്തത്തിന് കാരണം വിവിധ വകുപ്പുകളുടെ ഗുരുതര വീഴ്‌ചയാണെന്ന് ജസ്റ്റിസ് എന്‍.ആര്‍. ഹരിഹരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നടപടികൾ ഒന്നും ഉണ്ടായില്ല. ദുരന്തത്തിന് ശേഷം ഇവിടേക്കെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
ഇത്തവണ മകരവിളക്കിന് ഇടുക്കി ജില്ലാ ഭരണകൂടം ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. എങ്കിലും ദുരന്തത്തിൻ്റെ ഓർമ്മകൾ തീർത്ഥാടകരെ പുല്ലുമേട്ടിൽ നിന്ന് അകറ്റി നിർത്തുന്നു.