നവകേരള സദസ്; മലപ്പുറത്ത് മുസ്ലിം ലീഗ് പ്രതിഷേധം ആഹ്വാനം ചെയ്യില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി - നവകേരള സദസിനെതിരെ പ്രതിഷേധം
🎬 Watch Now: Feature Video
Published : Nov 22, 2023, 3:13 PM IST
|Updated : Nov 22, 2023, 4:00 PM IST
കോഴിക്കോട്: കോൺഗ്രസിനെ വീണ്ടും വെട്ടിലാക്കി കുഞ്ഞാലിക്കുട്ടി. നവകേരള സദസിനെതിരെ(Nava Kerala Sadas) മലപ്പുറത്ത് പ്രതിഷേധം സംഘടിപ്പിക്കില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി (PK Kunhalikutty). അവരുടെ പരിപാടി അവർ നടത്തും. അതിനെതിരെ പ്രതിഷേധിക്കാൻ മുസ്ലിം ലീഗ് ആഹ്വാനം ചെയ്‌തിട്ടില്ല. പിന്നാലെ ഞങ്ങളുടെ പരിപാടിയും വരുന്നുണ്ട്. പിന്നെന്തിനാണ് പ്രതിഷേധം. പ്രതിഷേധിക്കാൻ പാർട്ടി ആവശ്യപ്പെട്ടിട്ടില്ല. ഇത്തരം പരിപാടികൾക്ക് ജനം പരപ്രേരണയില്ലാതെ സ്വയം എത്തിച്ചേരേണ്ടതാണ്. മലപ്പുറത്ത് നവ കേരള സദസ്സിനെതിരെ പ്രതിഷേധത്തിന് യുഡിഎഫും ആഹ്വാനം ചെയ്‌തിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്‌കൂൾ കുട്ടികളെ നവകേരള സദസിൽ നിർബന്ധമായും പങ്കെടുപ്പിക്കണമെന്ന് പറയുന്നത് ശരിയായ രീതിയല്ല. ഇതിനൊക്കെ മാതൃക മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ്. ജനസമ്പർക്ക പരിപാടിയിൽ ഒരിക്കലും രാഷ്ട്രീയം പറഞ്ഞിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി ഓർമ്മിപ്പിച്ചു. മന്ത്രിസഭ സഞ്ചരിച്ച ബസിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നടപടിയെ അനുകൂലിച്ചും മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിമർശിച്ചും പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ക്രിമിനലും നികൃഷ്‌ടനുമാണെന്നായിരുന്നു വിഡി സതീശൻ്റെ പ്രതികരണം. ക്രൂര മനസാണ് മുഖ്യമന്ത്രിക്കെന്നും കലാപാഹ്വാനമാണ് നടത്തുന്നതെന്നും പറഞ്ഞതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടി വേറിട്ട നിലപാടുമായി രംഗത്തെത്തിയത്.