video: ഇല്ല ഒരുനാളും മറക്കില്ല, കേരളത്തിന്‍റെ ഹൃദയത്തിലുണ്ട് ചിരിയും കരുതലും... - oommen chandy
🎬 Watch Now: Feature Video
1970ല്‍ കോട്ടയം ജില്ലയിലെ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ മത്സരിക്കാൻ 27 വയസുള്ള ഉമ്മൻ ചാണ്ടി എത്തുമ്പോൾ അത് സിപിഎമ്മിന്‍റെ സിറ്റിങ് സീറ്റായിരുന്നു. ചോദിച്ച് വാങ്ങി മത്സരിച്ച പുതുപ്പള്ളി പിന്നെ കോൺഗ്രസ് മണ്ഡലമായി മാറി. 53 വർഷങ്ങൾ. രാഷ്ട്രീയ കേരളം ഇടയ്ക്ക് ചുവന്നും ത്രിവർണം ചൂടിയും മാറിമറിഞ്ഞു. മുന്നണി ബന്ധങ്ങൾ ആടിയുലഞ്ഞു. കൈപിടിച്ചും കോണി കയറിയും അരിവാളും ചുറ്റികയും കർഷക സ്ത്രീയുമൊക്കെ കേരളം ഭരിച്ചു. അടവുകൾ പലതും പലരും പയറ്റി. പക്ഷേ പുതുപ്പള്ളിക്ക് മാത്രം മാറ്റമുണ്ടായില്ല. ആ മണ്ഡലത്തിന് മാത്രം ഒരേയൊരു എംഎല്‍എ. പേര് ഉമ്മൻചാണ്ടി... അതിന് കാരണം തേടി അധിക ദൂരം പോകേണ്ടതില്ല, പുതുപ്പള്ളിക്കൊപ്പം സഞ്ചരിച്ച ഉമ്മൻ ചാണ്ടിക്കൊപ്പം പുതുപ്പള്ളിക്കാരും സഞ്ചരിക്കുകയായിരുന്നു. ആർക്കും എപ്പോഴും കയറിച്ചെല്ലാവുന്ന വീട്, സമയത്തിന് പോലും പരാതിയില്ലാതെ പരാതിയും പരിഭവവും കേൾക്കുന്ന പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ്. പുതുപ്പള്ളിയില്‍ നിന്ന് വണ്ടി കയറി തിരുവനന്തപുരത്ത് എത്തി മന്ത്രിയും യുഡിഎഫ് കൺവീനറും മുഖ്യമന്ത്രിയും ആയപ്പോഴും ആ പേര് ഉമ്മൻചാണ്ടി വിട്ടില്ല. തിരുവനന്തപുരത്തെ വീടിനും പേരിട്ടു. പുതുപ്പള്ളി ഹൗസ്. അതിവേഗം ബഹുദൂരം കേരളം ഉമ്മൻചാണ്ടിക്കൊപ്പം ഓടാൻ തുടങ്ങിയപ്പോൾ ജനങ്ങൾക്ക് വേണ്ടി ജനസമ്പർക്കവുമായി അദ്ദേഹം അതിവേഗത്തിലോടി. കേരളത്തിന് പറയാനുള്ളത്, ഒപ്പം ചേർന്ന് നിന്ന് കേൾക്കാൻ ഒരാളുണ്ടെന്ന് തോന്നിയ നിമിഷം. ആരോപണങ്ങളെ ഒരു ചെറുപുഞ്ചിരികൊണ്ട് നേരിട്ടു. പ്രത്യാരോപണങ്ങളുണ്ടായില്ല. എന്നും ആൾക്കൂട്ടത്തിന് നടുവിലായിരുന്നു അദ്ദേഹം. ജനങ്ങളായിരുന്നു എന്നും അദ്ദേഹത്തിന് ഊർജം. വിടപറയുന്നത് പുതുപ്പള്ളിയുടെ കുഞ്ഞൂഞ്ഞ് മാത്രമല്ല, ഹൃദയം കൊണ്ട് ചിരിച്ച കേരളത്തിന്‍റെ സ്വന്തം ജനനായകനാണ്. എന്നും ജനഹൃദയങ്ങളിലുണ്ട് പ്രിയ നേതാവായി.