Police With Hover Patrolling 'ഇനി തിരക്കൊരു പ്രശ്നമാകില്ല, കേരള പൊലീസ് പറന്നെത്തും'; വിദേശ മാതൃകയിൽ തിരുവനന്തപുരത്തും ഹോവർ പട്രോളിങ് - സിറ്റി ട്രാഫിക് പൊലീസ്
🎬 Watch Now: Feature Video
Published : Sep 7, 2023, 10:14 PM IST
തിരുവനന്തപുരം: തിരക്കുനിറഞ്ഞ തിരുവനന്തപുരം നഗരത്തിൽ രക്ഷയ്ക്കായി പൊലീസിന് ഓടിയെത്താനാകുമോ എന്ന ഭയം ഇനി വേണ്ട. ശബ്ദമില്ലാതെ, പരിസര മലിനീകരണം ഇല്ലാതെ പുതുതായി കൊണ്ടുവന്ന ഇലക്ട്രിക് ഹോവർ ബോർഡുകളിൽ പൊലീസ് ഇനി പറന്നെത്തും. വാഹനപ്പെരുപ്പവും ആൾക്കൂട്ടവും കൂടിയതിന് പിന്നാലെയാണ് ജനങ്ങളുടെ സുരക്ഷയ്ക്കായി തിരുവനന്തപുരം പൊലീസിന്റെ പുതിയ പദ്ധതി. വിദേശ രാജ്യങ്ങളിലേതിന് സമാനമായി കൊച്ചിയിൽ ആരംഭിച്ച ഇലക്ട്രിക് ഹോവർ ബോർഡുകളിലെ പട്രോളിങ്ങിനാണ് തിരുവനന്തപുരത്ത് സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ തുടക്കമായത്. നിലവിൽ സിറ്റി ട്രാഫിക് പൊലീസിലെ ഉദ്യോഗസ്ഥർക്കാണ് ഹോവർ പട്രോളിങ്ങിന്റെ ചുമതല. ബൈക്ക്, ജീപ്പ് എന്നിവ കൊണ്ട് സഞ്ചരിക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ കാൽ നടയാത്രക്കാരുടെ സുരക്ഷ, അനധികൃത പാർക്കിങ്, സാമൂഹ്യ വിരുദ്ധശല്യം എന്നിവ ഒഴിവാക്കുന്നതിനും ഒപ്പം പൊലീസിന്റെ സാന്നിധ്യം ഉറപ്പ് വരുത്താനും ആണ് ഹോവർ പട്രോളിങ് സംവിധാനം ഉപയോഗിക്കുന്നത്. വാഹനം നിയന്ത്രിക്കുന്ന ആളുടെ ശരീര ചലനങ്ങൾ കൊണ്ട് വേഗത കൂട്ടാനും കുറയ്ക്കാനും സാധിക്കുന്ന രണ്ട് ചെറിയ വീലുകളും ഹാൻഡിലും ഉള്ള സെൽഫ് ബാലൻസിങ് സംവിധാനമാണ് ഹോവറിനുള്ളത്. രാത്രികാല പട്രോളിങ്ങിനായി ബീക്കൺ ലെറ്റും എൽഇഡി ഹെഡ് ലൈറ്റും ഘടിപ്പിച്ചിട്ടുണ്ട്. 20 കിലോമീറ്റർ വേഗതയിലും 120 കിലോ ഭാരം വഹിച്ചും സഞ്ചരിക്കാൻ ഹോവർ ബോർഡുകൾക്ക് കഴിയും. ആദ്യഘട്ടത്തിൽ മാനവീയം വീഥിയിൽ മാത്രമാണ് ഹോവർ പട്രോളിങ് ഉള്ളതെങ്കിലും അടുത്തുതന്നെ ജില്ലയിലെ മറ്റ് തിരക്കേറിയ പ്രദേശങ്ങളിലേക്കും പുതിയ സംവിധാനം വ്യാപിപ്പിക്കും.