Cock on Custody| മോഷണക്കുറ്റം ആരോപിച്ച് ആണ്‍കുട്ടിയും പൂവന്‍കോഴിയും പൊലീസ് കസ്‌റ്റഡിയില്‍; ഇറക്കാന്‍ ആളില്ലാത്തതിനാല്‍ കോഴി സെല്ലില്‍
🎬 Watch Now: Feature Video
ജഡ്‌ചർള (തെലങ്കാന): കേസില്‍ അകപ്പെട്ടുവെന്ന കാരണത്താല്‍ കുറ്റവാളികള്‍ക്കൊപ്പം നിരപരാധികളും പൊലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങേണ്ടി വരാറുണ്ട്. ചിലപ്പോഴെല്ലാം പൊലീസ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റവും ഇത്തരക്കാര്‍ക്ക് കേള്‍ക്കേണ്ടതായി വരാറുണ്ട്. എന്നാല്‍ സംഭവത്തില്‍ കുറ്റവാളിയെ വിട്ടയച്ച് നിരപരാധിയെ ജയിലിലടയ്‌ക്കുന്ന സംഭവങ്ങള്‍ കൂടുതലായും സിനിമ രംഗങ്ങളില്‍ മാത്രം കണ്ട് ശീലിച്ചവരാകും നമ്മളില്‍ കൂടുതല്‍ പേരും. എന്നാല്‍ തെലങ്കാനയിലെ മഹബൂബനഗർ ജില്ലയിലെ ജഡ്‌ചർള പൊലീസ് സ്‌റ്റേഷന്‍ കഴിഞ്ഞദിവസം സാക്ഷിയായത് ഇതുപോലെ അപരാധിയെന്ന് ആരോപിക്കപ്പെട്ടവനെ വെറുതെ വിടുകയും നിരപരാധിയെ ജയിലിലടയ്‌ക്കുകയും ചെയ്‌ത സംഭവത്തിലാണ്.
സംഭവം ഇങ്ങനെ: ജഡ്‌ചർള മുനിസിപ്പല്‍ ഏരിയയ്‌ക്ക് കീഴിലുള്ള ബൂറെഡ്ഡിപ്പള്ളി ഗ്രാമത്തില്‍ വച്ചാണ് പൂവന്‍ കോഴിയുമായി പോകുന്ന ആണ്‍കുട്ടി ഗ്രാമനിവാസികളുടെ ശ്രദ്ധയില്‍പെടുന്നത്. കോഴിയെ മോഷ്‌ടിച്ചു കൊണ്ടുപോവുന്നതാണെന്ന് കരുതി ഇവര്‍ കുട്ടിയെ തടഞ്ഞുവയ്‌ക്കുന്നു. തുടര്‍ന്ന് കോഴിയെ എവിടെ നിന്ന് കിട്ടിയെന്നും മോഷ്‌ടിച്ചതാണോ എന്നുമുള്ള ചോദ്യങ്ങള്‍ ചോദിച്ചുവെങ്കിലും കുട്ടി വ്യക്തമായി മറുപടി നല്‍കാതെ വന്നതോടെ ഗ്രാമവാസികള്‍ പൊലീസിനെ വിവരമറിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെത്തി കുട്ടിയേയും കോഴിയേയും പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
കുട്ടിയെ പൊലീസ് പിടിച്ചുകൊണ്ടുപോയതറിഞ്ഞ് അവന്‍റെ മാതാപിതാക്കള്‍ ഉടന്‍ തന്നെ സ്‌റ്റേഷനിലേക്ക് ഓടിയെത്തി. കുട്ടിയെ എന്തിന്‍റെ അടിസ്ഥാനത്തിലാണ് പിടിച്ചുകൊണ്ടുവന്നതെന്നും പരാതിക്കാരനില്ലല്ലോ എന്ന ഇവരുടെ ചോദ്യത്തിന് മുന്നില്‍ പൊലീസിനും മറുപടിയുണ്ടായിരുന്നില്ല. മാത്രമല്ല കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ തന്നെ മറുത്തൊന്നും ചോദിക്കാതെ ഇവനെ പൊലീസ് മാതാപിതാക്കള്‍ക്കൊപ്പം വിട്ടയച്ചു. എന്നാല്‍ ഉടമസ്ഥനില്ലാത്ത കോഴിയെ വെറുതെ വിട്ടാല്‍ നായകള്‍ ആക്രമിക്കാന്‍ സാധ്യതയുള്ളത് മനസിലാക്കി സിഐ രമേഷ് ബാബു കോഴിയെ ലോക്കപ്പില്‍ താമസിപ്പിക്കാന്‍ വേണ്ട നടപടികളും സ്വീകരിച്ചു. ഇതിന്‍റെ ഭാഗമായി കോഴിക്ക് തീറ്റയായി പരിപ്പും വെള്ളവുമെല്ലാം ക്രമീകരിക്കുകയും ചെയ്‌തു.