വാരാണസിയിൽ റോഡ് ഷോയ്ക്കിടെ ആംബുലൻസിന് വഴിയൊരുക്കി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം - ആംബുലൻസിന് വഴിയൊരുക്കി നരേന്ദ്ര മോദി
🎬 Watch Now: Feature Video
Published : Dec 17, 2023, 9:26 PM IST
വാരാണസി (ഉത്തർപ്രദേശ്): പ്രധാനമന്ത്രി നരേന്ദ്ര മോദി ആംബുലൻസിന് വഴി നൽകാനായി വാഹനവ്യൂഹം നിർത്തിച്ചു . ഇന്ന് വാരാണസിയിൽ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് വാഹനം നിർത്തിച്ച് വഴിയൊരുക്കിയത്. റോഡ് ഷോയ്‌ക്കിടെ ആംബുലൻസ് ആ വഴി വന്നപ്പോൾ വാഹനങ്ങളുടെ വേഗത കുറച്ച് ഒരു വശത്തേയ്‌ക്ക് ഒതുക്കുകയായിരുന്നു. വാരാണസിയിലും കിഴക്കൻ ഉത്തർപ്രദേശിലുമായി 37 പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നതിന്‍റെ ഭാഗമായി 2 ദിവസത്തെ സന്ദർശനത്തിനായി എത്തിയതാണ് മോദി. 19,000 കോടിയിലധികം രൂപ ചെലവിട്ടാണ് 37 പദ്ധതികൾ ആരംഭിക്കുന്നത്. വാരാണസി സന്ദർശനത്തിന്‍റെ ആദ്യ ദിവസം മോദി കാശി തമിഴ് സംഗമത്തിന്‍റെ രണ്ടാം പതിപ്പ് വൈകിട്ട് നമോ ഘട്ടിൽ ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടന ചടങ്ങിൽ കന്യാകുമാരിക്കും വാരാണാസിക്കും ഇടയിൽ സർവീസ് നടത്തുന്ന കാശി തമിഴ് സംഗമം എക്‌സ്പ്രസ് അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്‌തു. ഇന്നാണ് മോദി തന്‍റെ പാർലമെന്‍റ് മണ്ഡലമായ വാരാണസിയിൽ സന്ദർശനത്തിനായി എത്തിയത്. ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേലും മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്നാണ് അദ്ദേഹത്തെ സ്വീകരിച്ചത്. 25 മണിക്കൂറോളം അദ്ദേഹം വാരാണാസിയിൽ ചെലവഴിക്കുമെന്നാണ് ലഭിച്ച വിവരം. ഇന്ന് മുതൽ ഡിസംബർ 31 വരെയാണ് കാശി തമിഴ് സംഗമം നടക്കുന്നത്. പരിപാടിക്കായി തമിഴ്‌നാട്ടിൽ നിന്നും പുതുച്ചേരിയിൽ നിന്നുമുള്ള 1400 പ്രമുഖർ പങ്കെടുക്കും. ഇവർ വാരാണസി, പ്രയാഗ്‌രാജ്, അയോധ്യ എന്നിവിടങ്ങൾ സന്ദർശിക്കും.