കൊതിയൂറും എരിവുപകർന്ന് ആമിനത്താത്തയുടെ അച്ചാറുകൾ.. കടയിലുള്ളത് 180 ലധികം വ്യത്യസ്‌ത അച്ചാറുകൾ
🎬 Watch Now: Feature Video
തിരുവനന്തപുരം: പഴം, പച്ചക്കറി, ഇറച്ചി, മീൻ.. 180 ലധികം വ്യത്യസ്‌ത അച്ചാറുകളുമായി നാവിൽ എരിവിന്‍റെ കൊതി നിറക്കുകയാണ് മണക്കാട് സ്വദേശി ആമിനത്താത്ത. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കൂടുതലായപ്പോൾ അച്ചാറ് ബിസിനസ് എന്ന ആശയത്തിലേക്ക് തിരിഞ്ഞ ആമിനത്താത്തയുടെ വ്യത്യസ്‌തമായ ചേരുവകൾക്ക് ഉപഭോക്താക്കൾ ഏറെയാണ്. തക്കാളി, പാവക്ക, കോവയ്‌ക്ക, ആപ്പിൾ, ഓറഞ്ച് ,പേരയ്‌ക്ക, ചെമ്മീൻ ,അയല, ഞണ്ട്, ചിക്കൻ, ബീഫ് , മട്ടൻ ഇങ്ങനെ തുടങ്ങും ആമിന താത്താന്‍റെ അച്ചാർ കടയിലെ വെറൈറ്റികൾ.
കൊറോണ സമയത്ത് അച്ചാർ കടയിലെ ജോലി നഷ്‌ടപ്പെട്ടതാണ് സ്വന്തമായി അച്ചാറ് ബിസിനസ് തുടങ്ങാൻ കാരണമായത്. മീൻ വിൽപനക്കാരനായ ഭർത്താവ് അബ്‌ദുൾ റഹ്‌മാനും മൂന്ന് മക്കളും സപ്പോർട്ടുമായി കൂടെയുണ്ട്. ആദ്യം വീടുകളിൽ കൊണ്ടുപോയാണ് ഉത്‌പന്നങ്ങൾ വിറ്റിരുന്നതെങ്കിലും ഇപ്പോൾ അജ്‌സ് പിക്കിൾസ് എന്ന പേരിൽ വീട്ടിൽ തന്നെ ഒരു ഷെഡ് കെട്ടി കച്ചവടം നടത്തുകയാണ്.
മായങ്ങളില്ലാതെ സ്വന്തം ചേരുവകളിൽ തയ്യാറാക്കുന്ന ആമിനത്താത്തയുടെ അച്ചാറിന്‍റെ രുചിയറിഞ്ഞ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരെ ഉപഭോക്താക്കൾ വരുന്നുണ്ട്. ഏറെ കൊതിയോടെയാണ് അജാസ് പിക്കിൾസിലെ അച്ചാറിന്‍റെ രുചിയെ കുറിച്ച് കസ്‌റ്റമേഴ്‌സ് പറയുന്നത്. ഒരിക്കലും കടം വാങ്ങി ബിസിനസ് ആരംഭിക്കരുതെന്നും പാളിച്ചകൾ സംഭവിച്ചാലും പരിശ്രമം തുടരണമെന്നുമാണ് ആമിനത്താത്തയ്‌ക്ക് പുതിയ സംരംഭകരോട് പറയാനുള്ളത്.