കടുത്ത വേനലിലും ഉറവ വറ്റാതെ പാറമ്മല്‍ ക്ഷേത്രക്കുളം; പഴമയുടെ പൈതൃകം കാത്ത് നാട്ടുകാർ - ക്ഷേത്രക്കുളം
🎬 Watch Now: Feature Video
കാസർകോട് : കടുത്ത വേനലിൽ ജലാശയങ്ങൾ വറ്റിവരളുമ്പോഴും ഉറവ വറ്റാത്ത ഒരു ക്ഷേത്രക്കുളം കാസർകോട് ജില്ലയിലെ ചെറുവത്തൂരിൽ ഉണ്ട്. പാറക്കെട്ടിലെ മുഴക്കോം പാറമ്മല്‍ ക്ഷേത്രക്കുളമാണ് നാട്ടുകാർക്ക് അതിശയമായി ഇപ്പോഴും തെളിനീരൊഴുക്കുന്നത്. തേജസ്വിനിപ്പുഴയുടെ കിഴക്കേ തീരത്ത് കുന്നില്‍മുകളിലാണ് കാട്ടുകല്ലുകൊണ്ട് വളച്ചുകെട്ടിയ കുളമുള്ളത്.
വേനലിലും കൊടും വരള്‍ച്ചയിലും സമീപത്തെ ജലസ്രോതസുകൾ എല്ലാം വറ്റിയാലും കുളം വറ്റിയ ചരിത്രമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പതിറ്റാണ്ടുകള്‍ക്കപ്പുറത്താണ് കുളം ശുദ്ധീകരിച്ചതെന്നും ആ സമയത്ത് മാത്രമാണ് കുളത്തിന്‍റെ അടിത്തട്ട് കണ്ടിട്ടുള്ളതെന്നും പ്രദേശവാസികൾ പറഞ്ഞു. ഏപ്രില്‍, മെയ് മാസങ്ങളിലെ കടുത്ത വേനലില്‍ വെള്ളത്തിന്‍റെ അളവ് കുറയുമെങ്കിലും കുളത്തിന്‍റെ അടിത്തട്ടിലെ ശക്തമായ ഉറവ കുളം വറ്റാതെ സംരക്ഷിക്കുകയാണ്.
also read : കൊടുംവേനലിലും വറ്റാത്ത നീരുറവയായി 'കമല നീരാഴി'; വെള്ളം ലഭിക്കുന്നത് 300 കുടുംബങ്ങൾക്ക്
അമ്പലങ്ങളിലെ പൂജാദികര്‍മങ്ങള്‍ക്കാണ് പ്രധാനമായും ജലം ഉപയോഗിക്കുന്നത്. പക്ഷികളും മൃഗങ്ങളും ദാഹമകറ്റാന്‍ കുളത്തിലെത്തുന്ന കാഴ്‌ചയും പതിവാണ്. ക്ഷേത്രക്കുളങ്ങളെല്ലാം ചെത്തിമിനുക്കിയ കല്ലുകള്‍ക്കൊണ്ട് ആധുനിക മുഖം നല്‍കുമ്പോഴും പഴമയുടെ പൈതൃകം കാക്കുകയാണ് നാട്ടുകാര്‍. സമീപ പ്രദേശങ്ങളായ വെള്ളാട്ടെയും മുഴക്കോത്തെയും കുന്നിൻ ചെരിവുകളിലെ നീരുറവയും ഈ കുളത്തിലെ വെള്ളത്തിന്‍റെ ഒഴുക്ക് മൂലം നിലനിൽക്കുന്നതാണ്.