ട്രാക്‌ടർ തടഞ്ഞ് പടയപ്പ, കൈകൂപ്പി അപേക്ഷിച്ച് ഡ്രൈവർ... ദൃശ്യങ്ങൾ വൈറല്‍ - മൂന്നാർ എസ്റ്റേറ്റ് റോഡ് പടയപ്പ
🎬 Watch Now: Feature Video
ഇടുക്കി: മൂന്നാറിൽ കൊളുന്ത് കയറ്റി വന്ന ട്രാക്ടർ തടഞ്ഞ് പടയപ്പ. മാട്ടുപ്പെട്ടി ഫാക്ടറിയിലേക്ക് തേയില കൊളുന്ത് കയറ്റി കൊണ്ടുപോയ ട്രാക്ടർ ആണ് നെറ്റിമേട് ഭാഗത്ത് വെച്ച് പടയപ്പ എന്ന കാട്ടുകൊമ്പൻ തടഞ്ഞത്. പടയപ്പ വാഹനം തടഞ്ഞയുടൻ സെൽവകുമാർ എന്ന ഡ്രൈവർ വാഹനം നിർത്തി ഇറങ്ങിയോടി. പടയപ്പ വാഹനത്തിനു ചുറ്റും ഭക്ഷണം വല്ലതും ഉണ്ടോ എന്ന പരിശോധന നടത്തുന്ന ദൃശ്യങ്ങൾ മൊബൈൽ കാമറയിൽ ഡ്രൈവർ പകർത്തിയിരുന്നു. അതിനിടെ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടിയ ഡ്രൈവർമാർ ദൂരെ നിന്ന് ആനയോട് വാഹനം തകർക്കല്ലേ എന്ന് അപേക്ഷിക്കുന്നുണ്ട്. മണിക്കൂറോളം എസ്റ്റേറ്റ് റോഡിൽ നിലയുറപ്പിച്ച പടയപ്പ പിന്നീട് കാട്ടിലേക്ക് മടങ്ങുകയായിരുന്നു. ഭക്ഷണം അന്വേഷിച്ച് പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങുന്നത് ഇപ്പോൾ പതിവാണ്. കഴിഞ്ഞദിവസം ചൊക്കനാട് എസ്റ്റേറ്റിലെ പലചരക്ക് കടയുടെ വാതിൽ തകർത്തിരുന്നു. അതേസമയം, മൂന്നാറില്‍ ഭക്ഷണം തേടിയിറങ്ങുന്ന പടയപ്പ മാലിന്യം കഴിക്കുന്ന ദൃശ്യങ്ങൾ രണ്ട് മാസം മുൻപ് പുറത്തുവന്നിരുന്നു.