Padayappa Munnar wild elephant| പടയപ്പ വീണ്ടുമെത്തി, ഇത്തവണ പ്രശ്‌നമില്ല: ഭക്ഷണം തേടിയെത്തിയതെന്ന് സൂചന - ചട്ടമൂന്നാര്‍
🎬 Watch Now: Feature Video
ഇടുക്കി: നാട്ടിലിറങ്ങി ഭീതി സൃഷ്‌ടിക്കും, പിന്നാലെ കാട് കയറും...മൂന്നാർ, മറയൂർ പരിസരപ്രദേശങ്ങളിലായി പടയപ്പ വീണ്ടുമിറങ്ങുമ്പോൾ ജനത്തിന് ആശങ്കയാണ്. കഴിഞ്ഞ ദിവസം ഉദുമല്‍പേട്ട അന്തർ സംസ്ഥാന പാതയില്‍ ചട്ടമൂന്നാര്‍ ഭാഗത്ത് ഇറങ്ങിയ പടയപ്പ ദീർഘനേരം റോഡില്‍ നിലയുറപ്പിച്ചിരുന്നു. എന്നാല്‍ നാശനഷ്‌ടമുണ്ടാക്കുകയോ മറ്റേതെങ്കിലും രീതിയിലുള്ള ആക്രമണത്തിനോ പടയപ്പ മുതിര്‍ന്നില്ല. രാവിലെ ആറരയോടെയായിരുന്നു ജനവാസമേഖലയിലേക്ക് പടയപ്പയെത്തിയത്. ആളുകള്‍ ബഹളമുണ്ടാക്കിയതോടെ പടയപ്പ പിന്നീട് സമീപത്തെ തേയില തോട്ടത്തിലേക്ക് പിന്‍വാങ്ങി. പടയപ്പ കാട് കയറുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. പാതയോരത്ത് ഓട്ടോറിക്ഷയടക്കം നിര്‍ത്തിയിട്ടിരുന്നെങ്കിലും പടയപ്പ പ്രശ്‌നങ്ങളൊന്നും സൃഷ്‌ടിച്ചില്ല. പക്ഷേ അടച്ചിട്ടിരിക്കുന്ന കടകളില്‍ ഭക്ഷണം തിരയുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ദിവസങ്ങള്‍ക്ക് മുമ്പ് പാമ്പന്‍മല ഭാഗത്ത് ഇറങ്ങിയ കാട്ടുകൊമ്പന്‍ മൂന്ന് വീടുകളുടെ മേല്‍ക്കൂരക്ക് നാശം വരുത്തിയിരുന്നു. കഴിഞ്ഞ ഒന്നര മാസത്തിലധികമായി പടയപ്പ മറയൂര്‍ മേഖലയിലാണ് തമ്പടിച്ചിട്ടുള്ളത്. പൊതുവെ ശാന്തസ്വഭാവക്കാരനായ പടയപ്പ ആക്രമണകാരിയാകുമോയെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. പടയപ്പയെ വനമേഖലയിലേക്ക് തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ALSO READ : അരിക്കൊമ്പന്‍റെ റോൾ ഏറ്റെടുത്ത് പടയപ്പ, അങ്ങനെയെങ്കില്‍ കാട് കയറ്റണമെന്ന് മറയൂരുകാർ