'പേപ്പട്ടി' പരാമര്‍ശം: ലോകായുക്തയെ കടന്നാക്രമിച്ച് വിഡി സതീശന്‍; 'ഹര്‍ജിക്കാരനോട് മാപ്പ് പറയണം'

🎬 Watch Now: Feature Video

thumbnail

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിലെ ഹര്‍ജിക്കാരനെ പേപ്പട്ടിയോടുപമിച്ച ലോകായുക്തയുടെയും ഉപലോകായുക്തയുടെയും പരമാര്‍ശം അങ്ങേയറ്റം അനുചിതമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാമര്‍ശം പിന്‍വലിച്ച് ലോകായുക്ത മാപ്പ് പറയണം. ഹര്‍ജിക്കാരനായ ആര്‍.എസ്‌ ശശികുമാര്‍ അറിയപ്പെടുന്ന വിദ്യാഭ്യാസ പ്രവര്‍ത്തകനും സത്യസന്ധനായ പൊതു പ്രവര്‍ത്തകനുമാണ്.

അല്ലാതെ അദ്ദേഹം തെരുവില്‍ അലയുന്ന പേപ്പട്ടിയല്ല. മുന്‍ മന്ത്രി കെ.ടി ജലീല്‍ ലോകായുക്തക്ക് എതിരെ ആരോപണം ഉന്നയിച്ചിട്ടും കമാ എന്നൊരക്ഷരം മിണ്ടാതിരുന്ന ലോകായുക്തയാണ് ഒരു ഹര്‍ജിക്കാരന് നേരെ ഇപ്പോള്‍ അധിക്ഷേപ വര്‍ഷം ചൊരിഞ്ഞിരിക്കുന്നത്. ലോകായുക്ത പുറപ്പെടുവിക്കുന്ന വിധിയെ കുറിച്ച് മിണ്ടാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. 

ഒരു കേസിന്‍റെ വിചാരണ പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷത്തോളം വിധി പറയാതെ മാറ്റി വയ്ക്കുകയും ഹൈക്കോടതി ഇടപെട്ടപ്പോള്‍ വെറും ഒന്നര പേജ് മാത്രമുള്ള വിധി പുറപ്പെടുവിക്കുകയും ചെയ്‌തതിനെയാണ് ചോദ്യം ചെയ്യുന്നത്. അങ്ങനെ ചെയ്‌തതിന്‍റെ പേരില്‍ ഹര്‍ജിക്കാരനെ പേപ്പട്ടി എന്ന് വിളിക്കാന്‍ ലോകായുക്തയ്‌ക്കെന്നല്ല സുപ്രീംകോടതി ജഡ്‌ജിയ്‌ക്ക്  പോലും അധികാരമില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പേപ്പട്ടിയെന്ന് വിളിച്ചതിലൂടെ ആരുടെ ക്രെഡിബിലിറ്റിയാണ് നഷ്‌ടമായതെന്ന് സതീശന്‍ ചോദിച്ചു. 

കെട്ടിട നികുതി വര്‍ധനവിലൂടെ സംസ്ഥാനത്ത് വീണ്ടും നികുതി ഭീകരത, തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാനെങ്കില്‍ അവരുടെ ഫണ്ട് വൈകിപ്പിച്ചതെന്തിനെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കെട്ടിട നികുതിയും പെര്‍മിറ്റ് ഫീസും 500 ഇരട്ടി വര്‍ധിപ്പിച്ചതിലൂടെ സര്‍ക്കാര്‍ വീണ്ടും നികുതി കൊള്ളയും നികുതി ഭീകരതയും നടപ്പാക്കുകയാണ്. 

550 രൂപയുണ്ടായിരുന്ന പെര്‍മിറ്റ് ഫീസ് ഒറ്റയടിക്ക് 8500 രൂപയായി ഉയര്‍ത്തിയിരിക്കുകയാണ്. ഇത് എത്ര ശതമാനം ഇരട്ടിയാണ്. കേരളത്തിന്‍റെ ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത വര്‍ധനയാണിത്. വര്‍ധന വരുത്തുന്നതില്‍ കുഴപ്പമില്ല, എന്നാല്‍ ഇത്രയും അന്യായമായി കൂട്ടുന്നതിനെ ന്യായീകരിക്കാനാകില്ല. 

ജനങ്ങള്‍ ഒന്നാകെ പ്രയാസത്തിലാണ്. ഇത്രയധികം ജപ്‌തി നടന്ന മറ്റൊരു വര്‍ഷം സംസ്ഥാനത്ത് ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല. സര്‍ക്കാരിന്‍റെ ഈ നടപടിയില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 26ന് സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കും യുഡിഎഫ് മാര്‍ച്ച് നടത്തും.

ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ബിജെപിയും ആര്‍എസ്എസും ഏറ്റെടുക്കേണ്ട, ഒന്നോ രണ്ടോ മതമേലധ്യക്ഷന്മാരുടെ പ്രസ്‌താവന യുഡിഎഫിനെ ബാധിക്കില്ല. ഹിന്ദുക്കളും ക്രൈസ്‌തവരും ഒന്നിച്ച് ജീവിക്കുന്നതില്‍ ആര്‍ക്കാണ് അസൂയയെന്ന ബിജെപി നേതാക്കളുടെ സമീപകാലത്തെ അഭിപ്രായത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവ് നടത്തിയത്. ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ബിജെപിക്കും ആര്‍എസ്എസിനും ആരാണ് നല്‍കിയത്. സംസ്ഥാനത്ത് വെറും 10 ശതമാനം മാത്രം വോട്ടുള്ള ബിജെപിയെ ഭൂരിപക്ഷം ഹിന്ദുക്കളും തള്ളി കളഞ്ഞതാണ്. അതുകൊണ്ട് ബിജെപി ഹിന്ദുക്കളുടെ വക്താക്കളാകാന്‍ നോക്കേണ്ട. 

കേരളത്തിലെ ഒന്നോ രണ്ടോ മതമേലധ്യക്ഷന്‍മാര്‍ നടത്തുന്ന ബിജെപി അനുകൂല പ്രസ്‌താവന യുഡിഎഫിനെയും കോണ്‍ഗ്രസിനെയും ബാധിക്കില്ല. ക്രൈസ്‌തവര്‍ക്കെതിരായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് 94 മതമേലധ്യക്ഷന്‍മാര്‍ ഡല്‍ഹിയില്‍ നടത്തിയ പ്രതിഷേധ സമരം മറക്കരുത്. കര്‍ണാടകയിലെ ഒരു മുന്‍ മന്ത്രി ക്രിസ്ത്യാനികളെ തല്ലിയോടിക്കണം എന്നാണ് ആവശ്യപ്പെട്ടത്. മദര്‍ തെരേസ മത പരിവര്‍ത്തനത്തിനായി ഗൂഢാലോചന നടത്തുന്നുവെന്നും അവരുടെ ഭാരത രത്‌നം തിരിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടവരാണ് ബിജെപിയും സംഘപരിവാറും. വിഴിഞ്ഞത്ത് ലത്തീന്‍ അതിരൂപത നടത്തിയ സമരത്തെ സിപിഎമ്മുമായി ചേര്‍ന്ന് എതിര്‍ത്തവരാണ് ബിജെപിക്കാര്‍. ഇത് എല്ലാവരും കാണണമെന്ന് സതീശന്‍ പറഞ്ഞു.

ചര്‍ച്ച് ബില്ലിന്‍റെ  ഉള്ളടക്കം ആരോഗ്യ മന്ത്രി വെളിപ്പെടുത്തണം: ചര്‍ച്ച് ബില്ലിന്‍റെ ഉള്ളടക്കം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് വെളിപ്പെടുത്തട്ടെ, ബില്ലിനെ കുറിച്ച് മന്ത്രിക്കെല്ലാം അറിയാമെന്നും അദ്ദേഹം വെളിപ്പെടുത്തി. കേരളത്തിലെ ഓര്‍ത്തഡോക്‌സ്-യാക്കോബായ പള്ളി തര്‍ക്കം തീര്‍ക്കാന്‍ അണിയറയില്‍ ഒരുങ്ങുന്നതായി പറയുന്ന ബില്ലിനെ കുറിച്ച്  പ്രതിപക്ഷത്തിനോ മാധ്യമങ്ങള്‍ക്കോ അറിയില്ലെന്ന്  പ്രതിപക്ഷ നേതാവ് പറഞ്ഞു. അറിയാത്ത ബില്ലിനെ കുറിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിക്കണം എന്ന് പറയുന്ന ആരോഗ്യ മന്ത്രിയെ കുറിച്ച് എന്തു പറയാന്‍. 

എന്നാല്‍ ബില്ലിന്‍റെ ഉള്ളടക്കം എന്താണെന്ന് മന്ത്രി വീണ ജോര്‍ജിന് അറിയാം. അവര്‍ ബില്ലിന്‍റെ ഉള്ളടക്കം പരസ്യമാക്കണമെന്നും വിഡി സതീശന്‍ പറഞ്ഞു. മന്ത്രിക്കെതിരെ പോസ്റ്റര്‍ ഒട്ടിക്കുന്നവരെ പൊലീസ് വളഞ്ഞിട്ട് പിടിക്കുന്നു. മന്ത്രിമാര്‍ക്കെതിരെ പോസ്റ്റര്‍ ഒട്ടിക്കുന്നത് സ്വാഭാവികമാണ്. അല്ലാതെ മന്ത്രിക്കെതിരെ മോശമായി വല്ലതും പറഞ്ഞിട്ടുണ്ടെങ്കില്‍ മന്ത്രി പറയട്ടെ. 

പ്രതിപക്ഷ നേതാവിന്‍റെ ഇഫ്‌താര്‍ സര്‍ക്കാര്‍ ചെലവിലല്ല: പ്രതിപക്ഷ നേതാവ് സര്‍ക്കാര്‍ ചെലവില്‍ ഇഫ്‌താര്‍ നടത്തുന്നുവെന്ന സിപിഎം സൈബര്‍ ആരോപണം പ്രതിപക്ഷ നേതാവ് തള്ളി. താന്‍ ഇഫ്‌താര്‍  വിരുന്ന് നടത്തിയ ശേഷം അതിന്‍റെ ബില്ല് സര്‍ക്കാരിന് നല്‍കാറില്ല. തന്‍റെ ഇഫ്‌താര്‍ വിരുന്ന് നടത്തുന്നത് യുഡിഎഫാണ്. 

കഴിഞ്ഞ വര്‍ഷം ഇഫ്‌താര്‍ നടത്തിയതും യുഡിഎഫിന്‍റെ ചെലവിലാണ്. ഇത്തവണ കോഴിക്കോടും എറണാകുളത്തും ഇഫ്‌താര്‍ വിരുന്ന് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അത് രണ്ടും നടത്തുന്നത് അതാത് ഡിസിസികളാണെന്നും സതീശന്‍ വ്യക്തമാക്കി. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.